ദോഹ: 42ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഖത്തർ സംഘം റിയാദിലെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗൾഫ് രാഷ്ട്രങ്ങളുടെ സഹകരണ ഉച്ചകോടിക്ക് റിയാദിൽ തുടക്കംകുറിച്ചത്. റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ വിമാനത്താവളത്തിലെത്തിയ അമീറിനെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൻെറ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. റിയാദ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് ഉൾപ്പെടെ മുതിർന്ന നേതാക്കളും സ്വീകരിക്കാനെത്തി. തുടർച്ചായി നാലാം തവണയാണ് റിയാദ് ജി.സി.സി സഹകരണ ഉച്ചകോടിക്ക് വേദിയാവുന്നത്. മേഖലയിലെ രാഷ്ട്രങ്ങളുടെ സഹകരണത്തിൽ ഏറെ നിർണായകം കൂടിയാവും കൗൺസിൽ യോഗം. ഗൾഫ് രാജ്യങ്ങളെ കോവിഡ് വ്യാപനം, വാക്സിനേഷൻ, സാമ്പത്തികമായി എങ്ങനെ ബാധിച്ചു, രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവയും ചർച്ചയാവും.
ഈ വർഷം ജനുവരിയിൽ അൽ ഉലയിൽ നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയിലായിരുന്നു ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിച്ചത്. ശേഷമുള്ള നയതന്ത്ര ബന്ധങ്ങളും ഉച്ചകോടി ചർച്ചചെയ്യും. ഗൾഫ് പര്യടനത്തിെൻറ ഭാഗമായി സൗദി കിരീടാവകാശി കഴിഞ്ഞയാഴ്ച ഖത്തർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.