ഖത്തർ അമീർ ഈജിപ്തിൽ, ഗൾഫ്​ ഉപരോധ ശേഷമുള്ള ആദ്യ സന്ദർശനം

ദോഹ: നീണ്ട ഇടവേളക്കു ശേഷം അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രിയോടെ ഈജിപ്തിലെത്തി. റുവാണ്ടയിൽ നടന്ന കോമൺവെൽത്ത്​ രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പ​ങ്കെടുത്ത ശേഷമായിരുന്നു അമീർ കൈറോയിലെത്തിയത്​.

ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫതാഹ്​ അൽ സീസി അമീറിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. 2017ൽ ഖത്തറിനെതിരെ ഈജിപ്ത്​ ഉൾപ്പെടെയുള്ള മേഖലയിലെ നാല്​ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനു ശേഷം, ആദ്യമായാണ്​ ഖത്തർ അമീർ കൈറോയിലെത്തുന്നത്​. 2021 ജനുവരിയിൽ ഉപരോധം അവസാനിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നു.

കഴിഞ്ഞ മാർച്ചിൽ വിദേശകര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയുടെ ഈജിപ്ത്​ സന്ദർശനത്തിനു പിന്നാലെ, 500 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന്​ ഖത്തർ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ ഗ്ലാസ്​ഗോ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനിടയിലും, ഫെ​ബ്രുവരിയിൽ ചൈനയിൽ നടന്ന ശീതകാല ഒളിമ്പിക്സ്​ വേദിയിലും ഖത്തർ അമീറും ഈജിപ്ത്​ പ്രസിഡന്‍റും തമ്മിൽ കൂടികാഴ്ച നടത്തി സൗഹൃദ ബന്ധം ഊഷ്മളമാക്കി.

Tags:    
News Summary - Emir of Qatar pays first visit to Egypt since Gulf blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.