ദോഹ: പാരിസിലെ സെൻ നദിയിലും കരയിലുമായി നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും. വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടനച്ചടങ്ങിലും, അതിന് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഒളിമ്പിക്സ് സ്വീകരണ പരിപാടിയിലും അമീർ പങ്കെടുത്തു.
എൽസി പാലസിലായിരുന്നു ഖത്തർ അമീർ ഉൾപ്പെടെ വിവിധ ലോകനേതാക്കൾക്കായി ഫ്രഞ്ച് പ്രസിഡന്റ് സ്വീകരണം നൽകിയത്. തുടർന്നായിരുന്നു സെൻ നദിയിലും കരയിലുമായി ഒളിമ്പിക്സിന്റെ വിസ്മയകരമായ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്.
ദീപശിഖ തെളിയിക്കും മുമ്പ് നടന്ന ടീമുകളുടെ മാർച്ച് പാസ്റ്റിന് അമീറും ഖത്തറിന്റെ സംഘവും സാക്ഷിയായി. നദിയിലൂടെ നീങ്ങിയ ബോട്ടിൽ പരമ്പരാഗത ഖത്തരി വേഷങ്ങളണിഞ്ഞ് ടീം അംഗങ്ങൾ മാർച്ച്പാസ്റ്റിൽ പങ്കെടുത്തപ്പോൾ ഗാലറിയിൽ എഴുന്നേറ്റ്നിന്ന് ദേശീയ പതാക ഉയർത്തിക്കൊണ്ട് അമീർ അവരെ അഭിവാദ്യം ചെയ്തു.
സഹോദരിയും ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയും അമീറിനൊപ്പമുണ്ടായിരുന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ഒളിമ്പിക് കമ്മിറ്റിയുടെ മറ്റു ഭാരവാഹികൾ എന്നിവരും ഗാലറിയിലിരുന്ന് ഖത്തർ ഒളിമ്പിക് ടീമിനെ അഭിവാദ്യം ചെയ്തു. ഹൈജംപിൽ ഒളിമ്പിക്സ്-ലോകചാമ്പ്യനായ മുഅതസ് ബർഷിമായിരുന്നു മാർച്ച് പാസ്റ്റിൽ ഖത്തറിന്റെ ദേശീയ പതാക വഹിച്ചത്.
അത്ലറ്റിക്സ്, വോളിബാൾ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, നീന്തൽ ഉൾപ്പെടെ അഞ്ച് ഇനങ്ങളിലായി 14 കായിക താരങ്ങളാണ് ഖത്തറിനായി മാറ്റുരക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനുശേഷം, എക്സ് പ്ലാറ്റ്ഫോം വഴി അമീർ ഖത്തർ ദേശീയ ടീമിന് വിജയാശംസ നേർന്നു. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ച അമീർ, ഒളിമ്പിക്സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ ദേശീയ ടീമിന് കഴിയുമെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.