ദോഹ: നാലു ദിവസം നീണ്ടു നിന്ന യൂറോപ്യൻ പര്യടനം പൂർത്തിയാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തറിൽ മടങ്ങിയെത്തി. തിങ്കളാഴ്ച പുറപ്പെട്ട്, സ്വീഡൻ, നോർവേ, ഫിൻലൻഡ് രാജ്യങ്ങൾ സന്ദർശിച്ചാണ് മടങ്ങിയെത്തുന്നത്. ഖത്തറും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഉച്ചകോടികളും കൂടിക്കാഴ്ചകളും കരാറുകളുമായി അമീറിന്റെ പര്യടനം ശ്രദ്ധേയമായി.
അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ എൻജി. സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നത സംഘവും യാത്രയിൽ അമീറിനൊപ്പമുണ്ടായിരുന്നു.
സ്വീഡൻ രാജാവ് കാൾ ഗുസ്താഫ്, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൺ, നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോർ, നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, പ്രധാനമന്ത്രി പെറ്റേരി ഓർപോ എന്നിവരുമായി വിവിധ രാജ്യങ്ങളിൽ കൂടിക്കാഴ്ച നടത്തി.
പര്യടനത്തിന്റെ ഭാഗമായി വ്യാപാര, സേവന മേഖലകളിലെ സഹകരണ കരാറുകളിലും ഖത്തറും ഇതര രാജ്യങ്ങളും ഒപ്പുവെച്ചു. വിദ്യാഭ്യാസം, ഊർജം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ മേഖലകളിലാണ് ഖത്തറും ഫിൻലൻഡും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.
എല്ലാ രാഷ്ട്രത്തലവന്മാരുമായി ഇസ്രായേൽ-ഫലസ്തീൻ സംഘർഷവും ചർച്ചയായി. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കണമെന്ന് വിവിധ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയിൽ അമീർ ആവശ്യപ്പെട്ടു. ഖത്തറിന്റെ മധ്യസ്ഥ-സമാധാന ശ്രമങ്ങളെ രാജ്യങ്ങൾ പ്രശംസിച്ചു. ഫിൻലൻഡിലേക്ക് അമീറിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയായിരുന്നു ഇത്.
ഖത്തറും യൂറോപ്യൻ രാജ്യങ്ങളും തമ്മിലെ വ്യാപാര-കയറ്റുമതി, നിക്ഷേപ മേഖലകളിൽ കൂടുതൽ ഊർജം പകർന്നുകൊണ്ടാണ് അമീറിന്റെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർത്തിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.