ദോഹ: വാർഷിക പരീക്ഷയും കഴിഞ്ഞ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം.
ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നടന്ന വാർഷിക പരീക്ഷകൾ, മാർച്ച് മൂന്നാം വാരത്തോടെയാണ് മിക്ക സ്കൂളുകളിലും അവസാനിച്ചത്. തുടർന്ന് പത്തുദിവസത്തെ അവധിയും കഴിഞ്ഞ് ഞായറാഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചു. പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നേടിയതിന്‍റെയും പുതിയ പുസ്തകങ്ങളും പാഠഭാഗങ്ങളുമായി പഠനം തുടരുന്നതിന്‍റെയും സന്തോഷത്തിലാണ് കുട്ടികൾ സ്കൂളുകളിലേക്ക് തിരികെയെത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാവുകയും സ്കൂളുകളിൽ മാസ്ക് ഒഴിവാക്കുകയും ചെയ്തതിന്‍റെ സന്തോഷത്തിൽ കൂടിയാണ് ഞായറാഴ്ച സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചത്.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സ്കൂളുകളിൽ മാസ്ക് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ജീവിതത്തിന്‍റെ ഭാഗമായി നിലനിന്ന മാസ്ക് ഒഴിവാക്കാതെ തന്നെയാണ് മിക്ക സ്കൂളുകളിലും വിദ്യാർഥികളെത്തിയത്. ഇളവുകളുണ്ടെങ്കിലും കോവിഡ് മുൻകരുതലുകൾ ശക്തമായി പാലിച്ചുതന്നെയാണ് സ്കൂളുകൾ പ്രവർത്തനം തുടരുന്നത്.
സി.ബി.എസ്.ഇ പരീക്ഷകൾ പൂർത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച മുതൽ പത്തുദിവസം വരെയുള്ള ഇടവേളക്കുശേഷം സ്കൂളുകൾ വീണ്ടും ആരംഭിച്ചത്. ഏപ്രിൽ അവസാനം ചെറിയ പെരുന്നാളിനായി പത്തുദിവസം സ്കൂളുകൾക്ക് അവധിയുണ്ടാവും. തുടർന്ന് ജൂൺ 30 മുതൽ ആഗസ്റ്റ് 15 വരെയാണ് വേനലവധിക്കായി വീണ്ടും സ്കൂളുകൾ അടക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പേ വിവിധ ഓറിയന്‍റേഷൻ പരിപാടികളും ക്ലാസുകളും വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളുകളിൽ മൂന്നുദിന പരിശീലന പരിപാടിയാണ് നടത്തിയത്. പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയ പാഠ്യപ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ക്ലാസുകൾ നടന്നു. സി.ബി.എസ്.ഇ സിലബസിൽ 18 ഇന്ത്യൻ സ്കൂളുകളാണ് ഖത്തറിലുള്ളത്.
ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ കഴിഞ്ഞിട്ടില്ലെന്ന ആധിയാണ് രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെക്കുന്നത്. ഏപ്രിൽ 26ന് തുടങ്ങുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ ജൂൺ അഞ്ചുവരെ നീളും. പരീക്ഷ വൈകുന്നത് തുടർപഠനവും വൈകാൻ കാരണമാവുമെന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. ഈ വർഷം, പത്താം ക്ലാസ് പൂർത്തിയായി, 11ലേക്ക് പ്രവേശനം നേടേണ്ട വിദ്യാർഥികൾക്ക് നേരത്തെ പാഠഭാഗങ്ങൾ പൂർത്തിയാക്കലും ആവശ്യമാണ്. ലോകകപ്പിന് വേദിയാകുന്നതിനാൽ ഖത്തറിൽ നവംബർ -ഡിസംബർ മാസത്തിൽ സ്കൂളുകൾ അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തെ വിന്റർ അവധിക്ക് കൂടെ, ലോകകപ്പ് പശ്ചാത്തലത്തിൽ 15 ദിവസം കൂടി അധികമായി അവധി ഉൾപ്പെടുത്തിയാണ് നവംബർ-ഡിസംബറിൽ സ്കൂളുകൾ അടച്ചിടുന്നത്. 11ാം തരത്തിൽ ക്ലാസ് വൈകുന്നത് കാരണം നിശ്ചിത കാലയളവിന് മുമ്പേ പാഠഭാഗങ്ങൾ തീർക്കാൻ അധ്യാപകരും കഷ്ടപ്പെടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.