ദോഹ: കര അതിർത്തി വഴി ഖത്തറിലെത്തുന്നവർക്ക് നടപടികൾ എളുപ്പമാക്കി അബൂസംറയിലെ എമിഗ്രേഷൻ വിഭാഗം. ഖത്തർ-സൗദി അതിർത്തിയായ അബൂസംറയിൽ അതിർത്തി കടക്കുന്നതിനായി സ്ഥിരം സമിതി സ്വീകരിച്ച നടപടികൾ എൻട്രി, എക്സിറ്റ് കൂടുതൽ ലളിതമാക്കി. അതിർത്തി കടന്ന് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റൻ ഷാഫി ഖലീവി അൽ ഷമ്മാരി പറഞ്ഞു.
എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വർധിപ്പിക്കുക, പ്രീ-രജിസ്ട്രേഷൻ സേവനം ഏർപ്പെടുത്തുക എന്നിവയും യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള പ്രധാന നടപടികളിൽ ഉൾപ്പെടുന്നു. രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പോവുന്ന ഒരു യാത്രികന്റെ എൻട്രി, എക്സിറ്റ് നടപടികൾ വെറും 20 മുതൽ 40 സെക്കൻഡ് വരെ സമയത്തിനുള്ളിൽ പൂർത്തിയാകും. എൻട്രി ആവശ്യമുള്ളവരും വിരലടയാളം നൽകേണ്ടവരുമായ ചില യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ കുറച്ച് അധികം സമയമെടുക്കും.
അതേസമയം, മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി, എക്സിറ്റ് നടപടികൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് 2ലും മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും സന്ദർശകർക്കും ഹയ്യ പ്ലാറ്റ്ഫോമിലും പ്രീ-രജിസ്ട്രേഷൻ സേവനം ലഭ്യമാണ്. 2013ൽ അബൂസംറ ബോർഡർ ക്രോസിങ് മാനേജ്മെന്റിനായുള്ള സ്ഥിരം സമിതി രൂപവത്കരിച്ചതിനെ തുടർന്ന് ക്രോസിങ്ങിന് നേരിട്ട് മേൽനോട്ടം വഹിച്ചുവരുകയാണെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈദ് അവധി ദിവസങ്ങളിലും സന്ദർശകർ കൂടുതലായെത്തുന്ന കായിക ചാമ്പ്യൻഷിപ്പുകൾ നടക്കുന്ന വേളയിലും നടപടികൾ വേഗത്തിലാക്കാൻ അബൂസംറ അതിർത്തിയിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. എൻട്രി, എക്സിറ്റ് എന്നിവക്കായി എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം യഥാക്രമം 116ഉം 50ഉം ആക്കി ഉയർത്തി.
കസ്റ്റംസിനായി 12 കൗണ്ടറുകൾ സജ്ജമാക്കി. ഒരേസമയം 60 വാഹനങ്ങൾ എന്ന ശേഷിയിലാണ് വാഹനങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിർത്തിയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി അധിക അഡ്മിനിസ്ട്രേറ്റിവ്, സർവിസ് കെട്ടിടങ്ങൾ നിർമിക്കുന്ന പ്രവൃത്തികൾ തുടരുകയാണെന്നും ക്യാപ്റ്റൻ അൽ ഷമ്മാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.