ദോഹ: ഖത്തറിലെ യുവതലമുറക്കിടയിൽ പരിസ്ഥിതി ചിന്തകൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ എജുക്കേഷൻ സിറ്റിയിൽ പ്രത്യേക പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഖത്തറിന്റെ പരിസ്ഥിതി വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന ഇക്കോ-സ്കൂൾ പ്രോഗ്രാമിന്റെ ദേശീയ ഓപറേറ്ററായ ഖത്തർ ഫൗണ്ടേഷന്റെ എർത്ത്നാ സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തറിലെ 20 പൊതുവിദ്യാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
2023-2024 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുകയും 20 പൊതുവിദ്യാലയങ്ങളെ ഇതിന്റെ ഭാഗമാക്കുകയും 67 അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തതായി എർത്ത്നാ ലീഡ് ടെക്നിക്കൽ ലീഡ് റുബ ഹിന്നാവി പറഞ്ഞു.
ഖത്തറിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സുസ്ഥിരതക്കായി വിദ്യാഭ്യാസം സമന്വയിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നും സമൂഹത്തിന്റെ സുസ്ഥിരതക്ക് അനുകൂലമായ കാലാവസ്ഥ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നതിന് വിദ്യാർഥികളെയും യുവാക്കളെയും പാരിസ്ഥിതിക വിജ്ഞാന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹിന്നാവി കൂട്ടിച്ചേർത്തു.
2023ൽ നടന്ന ഇക്കോ സ്കൂൾ കോൺഗ്രസിൽ സമുദ്ര, തീരദേശ ആവാസ വ്യവസ്ഥകളെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടന്നത്. 29 സ്കൂളുകളാണ് കഴിഞ്ഞ ഇക്കോ കോൺഗ്രസിൽ പങ്കെടുത്തത്. അതിൽ എട്ട് ക്യു.എഫ് സ്കൂളുകളും ഉൾപ്പെടും. പരമ്പരാഗത വിദ്യാഭ്യാസ മാതൃകയിൽനിന്നും വ്യത്യസ്തമായി കൂടുതൽ പ്രായോഗികമായ പഠന മാതൃകയിലേക്കുള്ള മാറ്റമാണ് ഇവിടെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.