ദോഹ: പുതിയ ഭരണഘടനാ ഭേദഗതിക്ക് ശേഷം തുർക്കിയുടെ പ്രഥമ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയിബ് ഉർദുഗാെൻറ സ്ഥാനാരോഹണ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംബന്ധിച്ചു. പ്രസിഡൻഷ്യൽ പാലസ് അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അമീറിനെ കൂടാതെ വിവിധ രാജ്യങ്ങളുടെ തലവന്മാരും ഭരണാധികാരികളും, രാഷ്ട്ര പ്രതിനിധികൾ, മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലിമെൻറ് സ്പീക്കർ, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രീയ രംഗത്തെ ഏറ്റവും മഹത്തായ നേട്ടത്തിന് തുർക്കി ജനതക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണെന്നും പുതിയ രാഷ്ട്രീയ ഘട്ടത്തിലേക്ക് പ്രവേശിച്ച തുർക്കിക്കും തുർക്കി ജനതക്കും എല്ലാ മേഖലകളിലും മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കട്ടേയെന്നും അമീർ ശൈഖ് തമീം ട്വിറ്ററിൽ കുറിച്ചിട്ടു. തുർക്കിയുടെ പുതിയ നേതൃത്വത്തിന് ആശംസകളും അഭിനന്ദങ്ങളും അറിയിക്കുന്നുവെന്നും തുർക്കി റിപ്പബ്ലിക്കിെൻറ, ജനതയുടെ, അതിെൻറ സഖ്യങ്ങളുടെ നന്മയിലേക്കുള്ള ചുവടുവെപ്പാകട്ടെ ഈ രാഷ്ട്രീയമാറ്റമെന്നും അമീർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചടങ്ങിനോടനുബന്ധിച്ച് തുർക്കിയിലെത്തിയ വിവിധ രാഷ്ട്രങ്ങളുടെ നേതാക്കളുമായും ഭരണാധികാരികളുമായും പ്രതിനിധികളുമായും അമീർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാ മേഖലകളിലും വലിയ വളർച്ചയും പുരോഗതിയുമാണ് ലക്ഷ്യം വെക്കുന്നതെന്നും രാജ്യത്തിെൻറ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇവിടെ കുറിച്ചിരിക്കുന്നതെന്നും പ്രസിഡൻറായതിന് ശേഷമുള്ള ആദ്യ സംസാരത്തിനിടെ ഉർദുഗാൻ വ്യക്തമാക്കി.
നേരത്തെ അങ്കാറയിലെ ഇസെൻബോഗ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അമീറിന് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തുർക്കി കായിക, യുവജനകാര്യമന്ത്രി ഒസ്മാൻ അസ്കിൻ ബക്, തുർക്കിയിലെ ഖത്തർ അംബാസഡർ സലീം ബിൻ മുബാറക് അൽ ശാഫി തുടങ്ങിയ പ്രമുഖർ അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.