- പ്രവാസി വോട്ടവകാശം എന്നും ചർച്ചാവിഷയമാണ്. രാജ്യത്തെ 1.34 കോടി വിദേശ ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കും വിധം ‘ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് ഫെസിലിറ്റി (ഇ.ടി.പി.ബി.എസ്) സംവിധാനം ഒരുക്കിക്കഴിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, പുതുതായി സെലക്ഷൻ ലഭിച്ച ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയിൽ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. 2020ൽതന്നെ ഇത്തരം സംവിധാനം ഏർപ്പെടുത്താനാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനെ അറിയിച്ചതാണ്. ആ സംവിധാനമാണ് ഇപ്പോൾ പ്രാവർത്തികമാവുന്നത്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ, പട്ടാളക്കാർ, പാരാമിലിട്ടറി ഉൾപ്പെടെയുള്ളവരാണ് ഇ.ടി.പി.ബി.എസ് സംവിധാനം വഴി വോട്ട് ചെയ്തുവരുന്നത്.
വിദേശങ്ങളിലെ ഇന്ത്യൻ എംബസികൾക്കു കീഴിലെ അപ്പെക്സ് ബോഡി തെരഞ്ഞെടുപ്പുകൾക്ക് ‘ഡിജി പോൾ ആപ്’ പോലുള്ളവ പ്രവർത്തിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. ഒരുപക്ഷേ, പ്രവാസി വോട്ടിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സാധിച്ചാൽ ഇത്തരം മാർഗങ്ങളിലൂടെ ഓൺലൈൻ വോട്ടെടുപ്പും നടന്നേക്കാം. വിദേശത്തുവെച്ച് വോട്ട് ചെയ്യാനുള്ള കാര്യങ്ങൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർലമെൻറിന്റെ പരിഗണനയിലാണെങ്കിലും നിലവിൽ, നാട്ടിലാണെങ്കിൽ പ്രവാസിയായി വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാം.
പ്രവാസികൾ ഏറെയുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രവാസി വോട്ടർമാരായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. 25 ലക്ഷത്തോളം പ്രവാസികളുണ്ടെന്ന് കണക്കാക്കുന്ന കേരളത്തിൽ, 2022 വർഷത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് അനുസരിച്ച് 87,946 പേർ മാത്രമാണ് പ്രവാസി വോട്ടർമാരായി രജിസ്റ്റർ ചെയ്തത്. അതിൽതന്നെ 40 ശതമാനത്തോളം കോഴിക്കോട് ജില്ലയിൽനിന്നു മാത്രമാണ്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയിൽനിന്നും പതിനായിരത്തോളം പേർ മാത്രമേ പ്രവാസി വോട്ടർമാർ ആയിട്ടുള്ളൂ. ഓർക്കുക! ഒരാൾ പ്രവാസിയാണെങ്കിൽ പ്രവാസി വോട്ടറായി രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. സാധാരണ താമസക്കാർ എന്ന വിഭാഗത്തിൽ പ്രവാസി വോട്ട് ചെയ്യുന്നത് സംബന്ധിച്ച് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ വോട്ട് ചെയ്യാൻ കഴിയില്ല.
പ്രവാസി വോട്ടറായി മാറാൻ
- https://voterportal.eci.gov.in/പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
- പ്രവാസി വോട്ടറാവാൻ ഫോം നമ്പർ 6 എ ഉപയോഗിക്കുക.
- ജോലി, പഠനം മുതലായ ആവശ്യങ്ങൾക്ക് വിദേശത്ത് കഴിയുന്നതും മറ്റു രാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കാത്തതുമായ ഇന്ത്യൻ പൗരന്മാർക്ക് പ്രവാസി വോട്ടറാവാം.
- അപേക്ഷിക്കാനായി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിലെ ഫോട്ടോ ഉൾക്കൊള്ളുന്ന പേജ് അടക്കമുള്ള ആവശ്യമായ പേജുകൾ, വിസ അടങ്ങിയ പേജ് (സ്വയം സാക്ഷ്യപ്പെടുത്തിയത്).
- ഇന്ത്യയിലെ വിലാസം.
- നേരിട്ടോ പോസ്റ്റൽ മുഖേനയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കാം. ഇതിനായി മേൽ പോർട്ടലിൽ നിന്ന് ഫോറം 6 A ഡൗൺലോഡ് ചെയ്യാം.
- അപേക്ഷ സമർപ്പിക്കേണ്ട ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ ലിസ്റ്റും വിലാസവും പോർട്ടലിൽനിന്ന് ലഭ്യമാണ്.
- നേരിട്ടാണ് അപേക്ഷ നൽകു ന്നതെങ്കിൽ ഒറിജിനൽ പാ സ്പോർട്ട് ഹാജരാക്കണം.
- നേരത്തേ ഇന്ത്യൻ പൗരൻ എന്ന
- നിലക്ക് വോട്ടറായി ചേർന്നവർ തങ്ങളുടെ ‘ഇ.പി.ഐ.സി’ റദ്ദ് ചെയ്ത് പ്രവാസി വോട്ടറായി ചേരണം.
- അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ, ബൂത്ത് ലെവൽ ഓഫിസർ അപേക്ഷകന്റെ വീട്ടിൽ അന്വേഷണത്തിനായി എത്തി വോട്ടറാവാൻ നൽകിയ രേഖകൾ വെരിഫിക്കേഷൻ നടത്തുകയും വീട്ടിലെ ബന്ധുക്കളിലൊരാൾ ഡിക്ലറേഷൻ നൽകുകയും വേണം.
- അന്വേഷണങ്ങൾക്കുശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ വോട്ടറാക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുകയും വിവരം മൊബൈൽ സന്ദേശമായി അപേക്ഷനെ അറിയിക്കുകയും ചെയ്യും. വോട്ടർപട്ടികയിൽ ചേർക്കുകയും ചെയ്യും.
- ഇലക്ടർ റോളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ ഫോറം 8 ഉപയോഗിക്കാവുന്നതാണ്
പ്രത്യേക ശ്രദ്ധക്ക്
അറ്റാച്ച് ചെയ്യുന്ന ഫോട്ടോ അടക്കമുള്ള രേഖകൾ വളരെ വ്യക്തതയുള്ളതാവാൻ ശ്രദ്ധിക്കണം. കഴിഞ്ഞ കാലത്ത് പ്രവാസി വോട്ടറാവാൻ ലഭിച്ച അപേക്ഷകളിൽ 38 ശതമാനവും നിരസിക്കപ്പെട്ടു. അതിന്റെ പ്രധാന കാരണം ഫോട്ടോ വ്യക്തതക്കുറവായിരുന്നു. ഒരിക്കൽ സിസ്റ്റം നിരസിച്ചാൽ വീണ്ടും അപേക്ഷിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടതുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ നമുക്കും സജീവ പങ്കാളികളാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.