ദോഹ: ഭക്ഷണവും മരുന്നുമടക്കം എത്തിച്ചുനൽകുന്ന ഇവൻ അണുനശീകരണവും നടത്തും. ഖത്തർ യൂനിവേഴ്സിറ്റി വികസിപ്പിച്ച റോബോട്ടാണ് താരം. കോവിഡ് -19 കാലത്ത് സമ്പർക്കം ഒഴിവാക്കുന്നതിൽ നിർണായകമായേക്കാവുന്ന കണ്ടുപിടിത്തണ് ഖത്തർ യൂനിവേഴ്സിറ്റി നടത്തിയിരിക്കുന്നത്. രോഗികൾക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കാനും വ്യത്യസ്ത സമയങ്ങളിൽ അന്തരീക്ഷത്തിലും നിരന്തരം സ്പർശിക്കുന്ന പ്രതലങ്ങളിലും അണുനശീകരണം നടത്താനും പ്രാപ്തിയുള്ള അത്യാധുനിക റോബോട്ടാണിവൻ. യൂനിവേഴ്സിറ്റിയിലെ എൻജിനീയറിങ് കോളജാണ് പിന്നിൽ. വ്യത്യസ്ത പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ആധുനിക സംവിധാനങ്ങളാണ് റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്.
ഖത്തറിലെ പ്രാദേശിക മാർക്കറ്റിൽ ലഭ്യമാകുന്നതും എളുപ്പത്തിലും വേഗത്തിലും ഉൽപാദിപ്പിക്കാവുന്നതുമായ ഘടകങ്ങൾ ഉപയോഗിച്ചാണ് റോബോട്ട് നിർമാണം. ഖത്തർ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് ഡിപ്പാർട്മെൻറാണ് നേതൃത്വം വഹിച്ചിരിക്കുന്നത്. റോബോട്ടിക് മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളേക്കാൾ വിലക്കുറവാണ് തങ്ങളുടെ റോബോട്ടിനെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ മികവുറ്റ രീതിയിലും മോഡുലാർ കൺേട്രാളർ ഉപയോഗിച്ചും നിർമിച്ചതിനാൽ ഇൻറലിജൻറ് ഓട്ടോണമസ് കൺേട്രാൽ സിസ്റ്റം കൂടി ചേർത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ നിർമാതാക്കൾക്ക് എളുപ്പമാകും. ഇത് ഓട്ടോമാറ്റിക്കലായി, മാനുഷിക ഇടപെടൽ ഒഴിവാക്കിക്കൊണ്ട് മുൻകൂട്ടിത്തന്നെ ആവശ്യമായ പോയൻറുകൾ തീരുമാനിക്കാനും റോബോട്ടിനെ പ്രാപ്തനാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.