ദോഹ: മെസ്സിയും നെയ്മറും എംബാപ്പെയുമെല്ലാം പന്തുതട്ടാൻ ഇനിയും 10 മാസം കാത്തിരിപ്പുണ്ട്. അതിന് മുമ്പ്, ഇത് കാണികളുടെ സമയമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഫിഫ ലോകകപ്പ് ഗാലറിയിലിരുന്ന് ആസ്വദിച്ച് കാണാൻ കൊതിക്കുന്നവർക്ക് ബുക്ക് ചെയ്ത് സീറ്റുറപ്പിക്കാനുള്ള സമയം. ലോകകപ്പിെൻറ ആദ്യഘട്ട ടിക്കറ്റ് വിൽപന ബുധനാഴ്ച ആരംഭിച്ചപ്പോൾ അത്ഭുതകരമായ പ്രതികരണമായിരുന്നു ആരാധകരിൽനിന്നുമുണ്ടായത്. ബുധനാഴ്ച രാവിലെ ഫിഫ ഔദ്യോഗികമായി ടിക്കറ്റ് ബുക്കിങ് പ്രഖ്യാപിച്ചതോടെ ഒരുമണിയാവാനുള്ള കാത്തിരിപ്പായി. ശേഷം, കണ്ടത് ബുക്കിങ്ങിനുള്ള തിരക്കുകൾ. കൃത്യസമയത്തുതന്നെ ഫിഫ ഔദ്യോഗിക വെബ്സൈറ്റുകളിൽ 'ക്യൂ' തുടങ്ങി. ഖത്തറിലെയും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരും ടിക്കറ്റ് ബുക്കിങ്ങിനായുള്ള അന്വേഷണങ്ങളിലും പരതലിലുമായി കഴിഞ്ഞ ദിവസത്തെ പകലുകൾ.
ഖത്തറിെൻറയും മേഖലയുടെയും ലോകമെങ്ങുമുള്ള കാൽപന്ത് പ്രേമികളുടെയും ലോകകപ്പായിരിക്കും വരാനിരിക്കുന്നതെന്ന് ടിക്കറ്റ് ബുക്കിങ് പ്രഖ്യാപിച്ചുകൊണ്ട് ഫിഫ സെക്രട്ടറി ജനറൽ ഫാത്മ സമൂറ പറഞ്ഞു. ലോകമെങ്ങുമുള്ള കളിയാരാധകർക്ക് ഏറ്റവും മികച്ച ഫുട്ബാൾ നിമിഷങ്ങൾ ലഭ്യമാക്കുകയാണ് ടിക്കറ്റ് വിൽപനയിലൂടെ പ്രതിഫലിക്കുന്നതെന്ന് അവർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായി കളിയാരാധകരെ ഖത്തർ സ്വാഗതം ചെയ്യുകയാണെന്ന് സംഘാടരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സി.ഇ.ഒ നാസിർ അൽ കാതിർ പറഞ്ഞു. ഖത്തറിെൻറ സംസ്കാരവും പാരമ്പര്യവും അനുഭവിച്ചറിയാനും പശ്ചിമേഷ്യയുടെ ഫുട്ബാൾ ആവേശം ഉൾക്കൊള്ളാനുമുള്ള അവസരമാണിത് -നാസർ അൽ കാതിർ പറഞ്ഞു.
ധിറുതിവേണ്ട, ഫെബ്രുവരി എട്ടുവരെ സമയമുണ്ട്
ബൂക്ക് ചെയ്യാൻ ഇപ്പോൾ തിക്കും തിരക്കും കൂട്ടേണ്ടതില്ല. ബുധനാഴ്ച ആരംഭിച്ച ആദ്യഘട്ട ബുക്കിങ് സൗകര്യം ഫെബ്രുവരി എട്ട് ഉച്ച ഒന്നുവരെ നീണ്ടുനിൽക്കും. ഈ സമയത്തിനുള്ളിൽ എപ്പോൾ ബുക് ചെയ്താലും ഒരേ പരിഗണനതന്നെയാവും എല്ലാവർക്കും. ലോകകപ്പിലെ ഫൈനൽ ഉൾപ്പെടെ 64 മത്സരങ്ങൾക്കായി നീക്കിവെച്ച 30 ലക്ഷം ടിക്കറ്റുകളിൽ 10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ കാണികൾക്ക് ലഭ്യമാവുക.
ബുക്കിങ്ങിെൻറ അടിസ്ഥാനത്തിൽ, മാർച്ച് എട്ട് മുതൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അവകാശികളെ തിരഞ്ഞെടുക്കുകയും അവരെ ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യുന്നതാണ് രീതി. തുടർന്ന് പേമെന്‍റ് പ്ലാറ്റ്ഫോം വഴി നിശ്ചിത തുക അടച്ച് ടിക്കറ്റ് ഉറപ്പിക്കാം. ഖത്തർ റെസിഡന്‍റിന് ബാങ്കുകളുടെ വിസ കാർഡ് വഴി മാത്രമാവും പണം അടക്കാൻ കഴിയുക. ഖത്തറിന് പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിസ കാർഡിന് പുറമെ മറ്റ് പേമെന്‍റ് കാർഡുകൾ വഴിയും പണമടക്കാവുന്നതാണ്.
ബുക്കിങ് മൂന്ന് വിഭാഗം
വ്യക്തിഗത മാച്ച് ടിക്കറ്റ്, ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.
രാജ്യാന്തര കാണികൾക്ക് ഏറെ സൗകര്യമുള്ള മാർഗമാണിത്. ഉദാഹരണം: സീരീസ് 'എ'യിൽ നവംബർ 21ന് അൽ തുമാമ സ്റ്റേഡിയം, 22ന് അൽ ജനൂബ് സ്റ്റേഡിയം, 23ന് ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, 24ന് ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ കളി കാണാം. കാറ്റഗറി ഒന്നിന് 3200, കാറ്റഗറി രണ്ടിന് 2400 റിയാൽ മൂന്നിന് 1000 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
ഒരാൾക്ക് എത്ര ടിക്കറ്റ്?
ഒരു മത്സരത്തിന് ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. എന്നാൽ, ടൂർണമെന്‍റിലുടനീളം 60 ടിക്കറ്റുകൾ വരെ മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. കുടുംബത്തിനും സൂഹൃത്തുക്കൾക്കുമായി ടിക്കറ്റ് ബുക്ക് ചെയ്ത് ലോകകപ്പ് ആസ്വാദ്യകരമാക്കാൻ ഫിഫ ആഹ്വാനം ചെയ്യുന്നു.
ഫാൻ ഐഡിയുണ്ട്
ഫിഫ അറബ് കപ്പിൽ നടപ്പാക്കി വിജയിച്ച ഫാൻ ഐഡി കാർഡായ (ഹയ്യാ കാർഡ്) ലോകകപ്പിലുമുണ്ടാവുമെന്ന് ഫിഫ. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, യാത്ര, പൊതുഗതാഗത സംവിധാനം, വിദേശത്തുള്ളവർക്ക് ഖത്തറിലെത്താനുള്ള വിസ എന്നിവയായെല്ലാം ഉപയോഗിക്കാവുന്ന ഫാൻ ഐഡി കാർഡ് ലോകകപ്പ് ചരിത്രത്തിലെ തന്നെ അതിശയമായി മാറും. റഷ്യ ലോകകപ്പിൽ നടപ്പാക്കിയ ഫാൻ ഐഡിയെ കൂടുതൽ പരിഷ്കാരങ്ങളും ഡിജിറ്റലൈസ് ചെയ്തുമാണ് ഖത്തർ അവതരിപ്പിക്കുന്നത്. അറബ് കപ്പിൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും മെട്രോ റെയിൽ, മെട്രോ ലിങ്ക്- കർവ ബസുകൾ, വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പാസ് എന്നിവയായെല്ലാം ഹയ്യാകാർഡായിരുന്നു ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.