ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ സന്ദർശകരെ ആകർഷിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ. വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തുടരുന്ന കലാ, സാംസ്കാരിക പരിപാടികൾ ബുധനാഴ്ച സമാപിക്കും. സംഗീത കച്ചേരികൾ, പരമ്പരാഗത ഖത്തരി അർദ നൃത്തം, മിലിട്ടറി പരേഡ് സെന്ററുമായി സഹകരിച്ച് ഖത്തർ സായുധന സേന സംഘടിപ്പിക്കുന്ന പ്രകടനങ്ങൾ, പ്രാദേശിക കലാ സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന തെരുവ് കലാമേള തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് കതാറയിൽ നടക്കുന്നത്.
അൽ ഗന്നാസ് സൊസൈറ്റിയും അൽ ഗലായിലും സംഘടിപ്പിക്കുന്ന പൈതൃക പ്രവർത്തനങ്ങളും ഇതോടൊപ്പമുണ്ട്.ഫാൽക്കൺറി ഡിസ്പ്ലേ, സലൂക്കി റേസിങ്, ഖത്തറിന്റെ നേട്ടങ്ങളുടെ പ്രദർശനം, പ്രാദേശിക ഖത്തരി കുടുംബങ്ങൾ അവതരിപ്പിക്കുന്ന പരമ്പരാഗത ഉൽപന്നങ്ങളുടെയും വിഭവങ്ങളുടെയും പ്രദർശനം എന്നിവയും ഇവിടെയെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാം. ബഹിരാകാശത്തെ ആസ്പദമാക്കി തുറായ പ്ലാനറ്റേറിയത്തിൽ ദിവസേന മൂന്ന് ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
ട്രാവലിങ് ത്രൂ സ്പേസ്, ക്ഷീരപഥത്തിലെ എട്ട് ഗ്രഹങ്ങൾ, സ്റ്റാർസ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.