ദോഹ: കേരളം കണ്ടതിൽ ഏറ്റവും ജനകീയനായ ഭരണാധികാരിയെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഖത്തർ കെ.എം.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനങ്ങൾ കൂടെയില്ലാതെ, അവര്ക്കൊപ്പമല്ലാതെ ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ കണ്ടിട്ടില്ല. ‘ജനകീയൻ’ എന്ന വാക്കിന്റെ പര്യായപദത്തിന് ഉമ്മൻ ചാണ്ടി എന്ന പേരായിരിക്കും കൂടുതൽ യോജിപ്പുണ്ടാവുക. ജനസമ്പർക്ക പരിപാടിയിലൂടെ മലയാളിയുടെ മനം കവർന്ന, വിനയവും പരസ്പര ബഹുമാനവുംകൊണ്ട് ഒരുകാലഘട്ടത്തെ തന്റെ പേരിലാക്കിയ ശുഭ്രവസ്ത്രധാരി ഇനി നമ്മളോടൊപ്പമില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ എപ്പോഴും ശ്രദ്ധാപൂർവം കേൾക്കുകയും അവ പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും ഒരായിരം നന്മകൾ ബാക്കിയാക്കിയിട്ടാണ് മനുഷ്യസ്നേഹി വിടപറയുന്നതെന്നും അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
പരിഭവങ്ങളും പരാതികളും ഇല്ലാതെ ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ആരോഗ്യംപോലും കാര്യമാക്കാതെ ജനങ്ങളെ കേൾക്കാൻ ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഉമ്മൻ ചാണ്ടി എന്നത് ഒരാൾ ആയിരുന്നില്ല, ഒരു ആൾക്കൂട്ടമായിരുന്നു. ഒരേ മണ്ഡലത്തിൽനിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെടുക, നിയമസഭ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുക, തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽപോലും പരാജയമെന്തെന്നത് അറിയാതിരിക്കുക -അപൂർവമായ നേട്ടങ്ങളായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം. വ്യത്യസ്ത ജാതി, മത, വർഗങ്ങളെ ചേർത്തുനിർത്തിയ സമഭാവനയുടെ തേജസ്സാർന്ന മതേതര മുഖമായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അനുശോചനക്കുറിപ്പിൽ അറിയിച്ചു. ബജറ്റ് എയർലൈൻ ഉൾപ്പെടെ പ്രവാസികൾക്കായുള്ള പല പദ്ധതികളും ഉമ്മൻ ചാണ്ടി മുൻകൈയെടുത്താണ് നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ വേർപാട് പ്രവാസ ലോകത്തെയും ശോകമൂകമാക്കിയതായും അറിയിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച വൈകീട്ട് അനുശോചനയോഗം സംഘടിപ്പിക്കുമെന്നും സമീർ ഏറാമല അറിയിച്ചു.
കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കൾചറൽ ഫോറം ഖത്തർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച സാമാജികനെയും ഭരണാധികാരിയെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അസാധാരണമായ ഊർജം എപ്പോഴും നിലനിർത്തി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരങ്ങൾ കാണാൻ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും കൾചറൽ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.