പ്രവാസിമടക്കം: ഹോട്ടൽ ക്വാറൻീനിൽ ഭേദഗതി: യാത്ര ഉറപ്പായാൽ മാത്രം ഹോട്ടൽ ബുക്ക് ചെയ്യണം

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ നിർദേശങ്ങളിൾ ഡിസ്​കവർ ഖത്തർ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂവെന്നും ഡിസ്​കവർ ഖത്തർ അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം 2020 ആഗസ്​റ്റ് 20നും അതിന് ശേഷവും ഹോട്ടലുകൾ ബുക്ക് ചെയ്തവർക്ക് ബുക്കിങ്ങുകളിൽ ഒരിക്കലും മാറ്റം വരുത്താനാകില്ല. ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതോടെ റീഫണ്ട് ഉണ്ടാകില്ല. ബുക്കിങ്​ തീയതി മാറ്റാനാകില്ല -ഡിസ്​കവർ ഖത്തർ വ്യക്തമാക്കി. ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് നൽകിയിട്ടുള്ള വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

നേരത്തേ ഹോട്ടൽ ബുക്കിങ്ങിൽ തീയതി മാറ്റാനുള്ള അവസരവും ബുക്കിങ്​ റദ്ദാക്കുന്നതോടെ പണം തിരികെ ലഭിക്കാനും അവസരമുണ്ടായിരുന്നു. ഇതാണ് പുതിയ ഭേദഗതികളോടെ ഇല്ലാതായിരിക്കുന്നത്.അതേസമയം, യാത്രക്ക് മുമ്പ് വിമാന സർവിസ്​ റദ്ദാകുന്ന സാഹചര്യത്തിൽ ഹോട്ടൽ ബുക്കിങ്​ തീയതികളിൽ മാറ്റം വരുത്താൻ അവസരമുണ്ട്​. എന്നാൽ, ഒരു തവണ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. പുതിയ ക്വാറൻറീൻ ബുക്കിങ്​ പാക്കേജുകൾ ഹോട്ടൽ റൂം ലഭ്യതക്കും പ്രതിദിനമുള്ള ആളുകളുടെ വരവിനും അനുസരിച്ചായിരിക്കും. പാക്കേജി​െൻറ നിരക്കിലുള്ള വ്യത്യാസം ഉപഭോക്താവ് അടക്കേണ്ടി വരും. വിമാനയാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന്​ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഖത്തറിലെ താമസക്കാർ ദോഹയിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ഹോട്ടൽ ബുക്കിങ്ങിന് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.

ചിലർ യാത്ര ഉറപ്പാക്കുന്നതിന് മുമ്പായി ഹോട്ടലുകൾ ബുക്ക് ചെയ്തത് ഹോട്ടലുകളുടെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. യാത്ര ഉറപ്പാകുകയും ആവശ്യമായ രേഖകളും അനുമതികളും ലഭ്യമാകുകയും ചെയ്താൽ മാത്രമേ ഹോട്ടൽ ബുക്ക്​ ചെയ്യാൻ പാടുള്ളൂവെന്നത് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിസ്​കവർ ഖത്തർ ഓർമിപ്പിച്ചു. ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് മുമ്പായി മുഴുവൻ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഖത്തറിലേക്കുള്ള യാത്രക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കുള്ളവർ ഒരാഴ്ച നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ കഴിയണമെന്നും ഡിസ്​കവർ ഖത്തർ പറയുന്നു.

അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്. ആഗസ്​റ്റ് മാസത്തിൽ ഹോട്ടൽ റൂമുകളുടെ ലഭ്യത വളരെ കുറവായിരുന്നുവെന്നും സെപ്റ്റംബറോടെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.