ഒന്നാം സ്ഥാനം: മുഹമ്മദ് അഷ്റഫ് കാരിയിൽ

ഖത്തറിൽ‘ക്ലിക്കാ’യി മലയാളികൾ

ദോഹ: ഖത്തർ ഇസ്​ലാമിക മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഫോ​ട്ടോഗ്രഫി മത്സരത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി മലയാളി ഫോ​ട്ടോഗ്രാഫർമാർ. മാസങ്ങൾ നീണ്ടുനിന്ന മത്സരത്തിൽ 49 രാജ്യങ്ങളിൽനിന്നായി 694 പേർ മാറ്റുരച്ചപ്പോഴാണ്​ വിവിധ വിഭാഗങ്ങളിൽ ചിത്രങ്ങളൊപ്പിയെടുത്ത്​ പ്രവാസി മലയാളികൾ ഫോ​ട്ടോഗ്രഫി മിടുക്ക്​ തെളിയിച്ചത്​. അന്താരാഷ്​​ട്ര തലം, ഖത്തറിൽനിന്നുള്ളവർക്ക്​ മാത്രമായൊരുക്കിയ നാച്വർ ആൻഡ്​ വൈൽഡ്​ ലൈഫ്​, ക്രിയേറ്റേഴ്​സ്​ ക്രിയേറ്റിവിറ്റി എന്നീ വിഭാഗങ്ങളിലാണ്​ മത്സരങ്ങൾ നടന്നത്​.

പ്രകൃതിയുടെയും വന്യജീവികളുടെയും കഥ പറയുന്ന പ്രാദേശിക വിഭാഗത്തിൽ ആദ്യ മൂന്ന്​ സ്ഥാനവും മലയാളികൾ സ്വന്തമാക്കി. പൊന്നാനി സ്വദേശി മുഹമ്മദ്​ അഷ്​റഫ്​ കാരിയിൽ ഒന്നും ഗുരുവായൂർ സ്വദേശിനി നിഫിബ സുനീർ രണ്ടാം സ്ഥാനവും ചാവക്കാട്​ സ്വദേശി അബ്​ദുൽ സലീം മൂന്നാം സ്ഥാനവും നേടി. പത്തു വർഷത്തോളമായി ഫോ​ട്ടോഗ്രഫി ഹോബിയാക്കി നാട്​ ചുറ്റുന്ന അഷ്​റഫിന്റെ നീർകാക്ക മീൻ പിടിക്കുന്ന നിമിഷം ഒപ്പിയെടുത്ത ചിത്രമാണ്​ ഒന്നാം സ്ഥാനം നേടിയത്​.

അൽ സൈലിയയിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റിനോട്​ ചേർന്നുണ്ടായ ജലാശയത്തിൽനിന്ന് ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പകർത്തിയ ചിത്രമാണ്​ ഇതെന്ന്​ അഷ്​റഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഒന്നരവർഷം മുമ്പായിരുന്നു അഷ്​റഫ്​ ഈ ചിത്രം പകർത്തിയത്​. 10,000 റിയാലാണ്​ ഒന്നാം സമ്മാനത്തിനുള്ള തുക. ഏഴായിരം, 5000 റിയാലാണ് രണ്ടും മൂന്നും സമ്മാനങ്ങൾ.

വൊഡഫോൺ ഖത്തറിൽ ഫെസിലിറ്റി സൂപ്പർ വൈസറായി ജോലിചെയ്യുന്ന അഷ്​റഫിന്​​ തന്‍റെ അവധി ദിനങ്ങളിൽ ചിത്രങ്ങൾ തേടിയിറങ്ങുന്നത്​ പതിവാണ്​.

 

രണ്ടാം സ്ഥാനം: നിഫിബ സുനീർ  

വെള്ളിയാഴ്​ച പ്രവാസികളിൽ വലിയൊരു പങ്കും ​ഉച്ചവരെ കിടന്നുറങ്ങു​മ്പോൾ പുലർച്ച മൂന്നിനുതന്നെ തുടങ്ങുന്നതാണ്​ അഷ്​റഫിന്റെ ഫോ​ട്ടോ തേടിയുള്ള യാത്ര. സൂര്യനുദിക്കും മു​മ്പേ തുടങ്ങുന്ന യാത്രകളിൽ ഒപ്പിയെടുത്തത്​ നിരവധി ചിത്രങ്ങൾ. ക​ഴിഞ്ഞ അഞ്ചു വർഷമായി കെനിയയിലേക്കുള്ള ഫോ​ട്ടോഗ്രഫർമാരുടെ ടൂറിനും അഷ്​റഫും സംഘവും നേതൃത്വം നൽകുന്നുണ്ട്​. നേരത്തേ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഫോ​ട്ടോഗ്രഫി മത്സരത്തിലും ഇദ്ദേഹം സമ്മാനം നേടിയിരുന്നു.

എൻജിനീയർ ബിരുദധാരിയാണ് രണ്ടാം സ്ഥാനം നേടിയ നിഫിബ. ഫോട്ടോഗ്രാഫറായ ഭർത്താവ് സുനീറിന്റെ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രഫിക്ക് പിന്നാലെ കൂടിയ ഇവർ, കഴിഞ്ഞ ആറു വർഷമായി സജീവമായി രംഗത്തുണ്ട്. ഐ.സി.സി ​ഫോട്ടോഗ്രഫി മത്സരത്തിലും വിജയിച്ചിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് ദർബ് അൽ സാഇയിൽ നടന്ന പ്രദർശനത്തിലും പ​​ങ്കെടുത്തു. ഇർകിയയിലെ ഫാം സന്ദർശനത്തിനിടെയാണ് സമ്മാനാർഹമായ ചിത്രം പകർത്തിയതെന്ന് നിഫിബ പറയുന്നു.

 

മൂന്നാം സ്ഥാനം: അബ്​ദുൽ സലീം

നീല കവിളൻ വേലിത്തത്ത എന്നറിയ​പ്പെടുന്ന ബ്ലൂ ചീക്ക്ഡ് ബീ ഈറ്റർ ഇണകൾ തുമ്പിയെ കൊക്കിലൊതുക്കുന്നതാണ് ചിത്രം. മത്സരത്തിന്റെ ഓരോ വിഭാഗങ്ങളിലും 15 പേരുടെ ചിത്രങ്ങൾ ഫൈനൽ റൗണ്ടിൽ ഇടംനേടിയിട്ടുണ്ട്. പ്രോത്സാഹന സമ്മാനത്തിനും മലയാളി ഫോട്ടോഗ്രാഫമാർ അർഹരായി. ഔഖാഫിന്റെ ആറാമത് ഫോട്ടോഗ്രഫി മത്സരത്തിന് ഒക്ടോബർ ഒന്നിന് തുടക്കമാവും. 

Tags:    
News Summary - Expatriate Malayali photographers won the first three positions in Aukhaf photo competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.