ദോഹ: രാജ്യത്ത് വർധിച്ചു വരുന്ന ഇസ്ലാമോ ഫോബിയയെയും വർഗീയ ധ്രുവീകരണത്തെയും തടയാൻ ഉത്തമ ജീവിത മാതൃകകളിലൂടെ മുസ്ലിം സമൂഹത്തിന് സാധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പ്രസ്താവിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക ദൗത്യം ഏൽപിക്കപ്പെട്ട മുസ്ലിം സമൂഹം സത്യത്തിന് സാക്ഷികളാകണം. വിയോജിപ്പിന്റെ തലങ്ങൾ ഉള്ളതോടൊപ്പംതന്നെ യോജിപ്പിന്റെ മേഖലകളിൽ, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി മുസ്ലിം സമൂഹത്തിലെ വ്യത്യസ്ത സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്നും,
ബഹുസ്വരത നിലനിർത്താനും വർഗീയ ധ്രുവീകരണം തടയാനും മുസ്ലിം സമൂഹം സഹോദര സംഘടനകളുമായി മികച്ച ആശയവിനിമയം നടത്തണമെന്നും , സഹകരണത്തിന്റെ പാത വെട്ടിത്തെളിക്കണമെന്നും അദ്ദേഹം ഉണർത്തി. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം, പ്രയാസപ്പെടുന്ന മനുഷ്യന്മാരെ ചേർത്തു നിർത്തൽ, വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, സമൂഹ പുരോഗതിക്ക് മീഡിയകളുടെ ഉപയോഗം തുടങ്ങിയ സംഗമത്തിൽ ചർച്ചക്ക് വിധേയമായി.
ഖത്തറിലെ മത സാംസ്കാരിക, സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ നേതൃത്വം നൽകുന്നവർ സംഗമത്തിൽ പങ്കെടുത്തു. എസ്.എ.എം. ബഷീർ, ഫൈസൽ ഹുദവി, നിയാസ് ഹുദവി, മഷൂദ് തുരുത്തിയാട്, ഖലീൽ പരീദ് , സുലൈമാൻ മദനി, കെ.ടി. ഫൈസൽ മൗലവി, ഡോ. ഷഫീഖ് താപ്പി എന്നിവർ സംസാരിച്ചു. സൗഹൃദ സംഗമത്തിൽ സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറി വി.കെ. നൗഫൽ, കേന്ദ്ര അഡ്വൈസറി കമ്മിറ്റി അംഗം മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.