രണ്ടുമാസം വേനലവധികഴിഞ്ഞ് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് പുതുമയുള്ളൊരു സമ്മാനവുമായാണ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധ്യാപിക സൗമ്യ മാത്യൂ എത്തിയത്. ഫിസിക്സിൽ ബിരുദവും ബിരുദാനന്ത ബിരുദവുമുള്ള സ്കൂൾ അധ്യാപിക ഭൗതിക ശാസ്ത്ര ശാഖയുടെ ഉള്ളറകളിലേക്ക് വിദ്യാർഥികൾക്ക് വെളിച്ചം പകരുന്ന ചെറു പുസ്തകം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഫിസിക്സിന്റെ അടിസ്ഥാന പാഠങ്ങളും പകരുന്ന പുസ്തകം സ്കൂൾ തുറക്കും മുമ്പേ പ്രകാശനവും കഴിഞ്ഞു. നിത്യജീവിതത്തിലെ അനുഭവങ്ങളെ ഉദാഹരണമാക്കി ഫിസിക്സിനെ ലളിതമായി പരിചയപ്പെടുത്തുകയാണ് അധ്യാപന മേഖലയിൽ പരിചയസമ്പത്തു കൂടിയുള്ള എഴുത്തുകാരി. വലിയ തത്ത്വങ്ങളും കാര്യങ്ങളുമെല്ലാം ലളിതമായ ഉദാഹരണങ്ങളിലൂടെ ഓരോ അധ്യായങ്ങളിലുമായി വിദ്യാർഥികൾക്ക പരിചയപ്പെടുത്തുന്നു. 63 പേജുകളുള്ള പുസ്തകം ‘ഫണ്ടമെന്റൽസ് ഓഫ് ഫിസിക്സ്’ എന്ന പേരിൽ ആമസോൺ കിൻഡ്ൽ എഡിഷനായാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം ശാന്തിനികേതൻ സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ പ്രകാശനം നിർവഹിച്ചു. ഡോ. ഗിരീഷ് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹിം, വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ എന്നിവർ പങ്കെടുത്തു.
2021 മുതൽ ഖത്തറിലെ ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ് ആലപ്പുഴ സ്വദേശിനിയായ സൗമ്യ മാത്യൂ. മൈസൂർ സർവകലാശാലക്ക് കീഴിലെ തെരേസിയൻ കോളജിൽനിന്ന് ബിരുദവും, ജെ.എസ്.എസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2018ൽ വയനാട്ടിലെ മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായും 2019ൽ വയനാട് സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം പൂർത്തിയാക്കിയിരുന്നു.
ഒരു പുസ്തകം എഴുതുന്നത് ക്ലാസ് റൂം അധ്യാപനം പോലെയാണെന്ന് വിശ്വസിക്കാനാണ് സൗമ്യ മാത്യുവിന് ഇഷ്ടം. ഒരു പുസ്തകത്തിന് ഒരിക്കലും ഒരു അധ്യാപകനെ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെങ്കിലും, വായിക്കുമ്പോൾ ഒരു അധ്യാപകന്റെ സാന്നിധ്യം ഒരു വിദ്യാർഥിക്ക് അനുഭവപ്പെടണം. ഭൗതികശാസ്ത്രത്തിലെ ആശയങ്ങൾ മനസ്സിലാക്കുന്നതിൽ പല സ്കൂൾ വിദ്യാർഥികളും വെല്ലുവിളികൾ നേരിടുന്നതായി അനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയാണ് ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വഴികാട്ടിയായി ചെറു പുസ്തകം രചിച്ചതെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.