ബാച്‍ലർ മുറിയിലെ നോമ്പുകാലം

47 വർഷം പിന്നിട്ട പ്രവാസത്തിലെ നോമ്പുകാല ഓർമകളിലേക്ക് തിരിഞ്ഞുനടക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് 1974ൽ ഖത്തറിലെത്തിയ ആദ്യ കാലങ്ങളാവും. സമൃദ്ധിയുടെ നാളുകളിലേക്ക് നാടും വ്യക്തികളും മാറ്റപ്പെട്ടെങ്കിലും പ്രവാസമണ്ണിൽ ഭാഗ്യം തേടിയെത്തിയ ആദ്യകാലങ്ങളിലെ നോമ്പിന് ഇന്നും മധുരമേറെയാണ്.

ചെറിയ വരുമാനത്തിലെ ജോലിയുമായി പ്രവാസമണ്ണിലെ തുടക്കവും കൂട്ടുകാർക്കൊപ്പം ബാച്‍ലർ മുറികളിലെ താമസവും സ്വന്തമായ പാചകങ്ങളുമായി തുടങ്ങിയ നോമ്പുകാലം. പിന്നീട്, ജോലിയിലും മറ്റുമായി മെച്ചപ്പെട്ടെങ്കിലും നോമ്പ് ഓർമകളിൽ മധുരമേറിയത് ബാച്‍ലർ കാലത്തെ ജീവിതം തന്നെയായിരുന്നു. മനസ്സിന് കുളിരും ഓർമകൾക്ക് മധുരവും പകർന്ന ആ നാളുകൾതന്നെയാണ് ഇന്നും മൂല്യമേറിയത്.

പഴവർഗങ്ങൾ കാര്യമായി കഴിക്കാൻ കാത്തിരിക്കുന്ന കാലംകൂടിയായിരുന്നു അത്. ഇന്ന് മാർക്കറ്റിൽ കാണുന്നപോലെ വൈവിധ്യമാർന്ന പഴവർഗങ്ങളൊന്നും 1970-80കളിൽ ഖത്തറിലും ലഭ്യമായിരുന്നില്ല. കിട്ടുന്നതാവട്ടെ ചെലവേറിയതും. അതിനാൽ, ഞങ്ങളുടെ യുവത്വം നിറഞ്ഞ ആ നോമ്പുകാലത്ത് ഓറഞ്ചും ആപ്പിളും ഉൾപ്പെടുന്ന ഫ്രൂട്സ് വിലപ്പെട്ടതായി.

ഖത്തരികളുടെ സ്നേഹവും കരുതലും അനുഭവിച്ചതും ഓർമയിലുണ്ട്.

അന്ന്, റോയൽ ഫാമിലി അംഗങ്ങൾകൂടിയായ ശൈഖുമാരുടെ വീടുകളിൽനിന്നും വിളമ്പുന്ന അലീസ ആ കാലത്ത് മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്കാണ് നോമ്പുകാലത്ത് വിശപ്പടക്കാൻ സഹായിച്ചത്.

ഇന്ന് കാണുന്ന ഇഫ്താർ സംഗമങ്ങളും പള്ളികൾ കേന്ദ്രീകരിച്ചുള്ള നോമ്പുതുറകളും സംഘടനകളുടെ നേതൃത്വത്തിലെ ഇഫ്താറുകളുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഈ പരസ്പര സഹായവും കരുതലും ഏറെ വിലപ്പെട്ടതായിരുന്നു.

അങ്ങനെയൊരു നോമ്പുകാലത്ത് പ്രശസ്തനായ പണ്ഡിതൻ അബുൽ ഹസൻ അലി നദ്വിയുടെ ഖത്തർ സന്ദർശനം ഇന്നും ഓർമയിലുണ്ട്.

ഖത്തറിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹസൻ നദ്വി ഗ്രാൻഡ്മോസ്കിലെത്തിയപ്പോൾ ശൈഖുമാർ ഉൾപ്പെടെയുള്ള പ്രഗല്ഭർ പള്ളിയിലേക്കും മറ്റും സ്വീകരിക്കുന്നത് നേരിൽകണ്ട നിമിഷം ഇന്നും ഓർമയിൽ തിളങ്ങുന്ന അധ്യായമായുണ്ട്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായി ഇന്നും ആ ദിവസം ഓർമയിലുണ്ട്.

1974ൽ തീവണ്ടിയിലും കുതിരപ്പുറത്തും കപ്പലിലും കയറി സ്വപ്നങ്ങളുടെ ഭാരവും പേറി ആഴ്ചകൾ നീണ്ട യാത്രക്കൊടുവിൽ പ്രവാസിയായെത്തിയ നാളിൽനിന്നും ഇന്ന് 47 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തനാണ്. റമദാനിന്‍റെ വിശുദ്ധിപോലെ, മനസ്സിനും കർമങ്ങൾക്കും വിശുദ്ധിയുടെ കാലം.

Tags:    
News Summary - Experiences during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.