ദോഹ: ബ്രസീലിയൻ തീരത്തെ അഗ്വ-മരിൻഹ ബ്ലോക്കിലെ എണ്ണ പര്യവേക്ഷണത്തിൽ പങ്കുചേർന്ന് ഖത്തർ എനർജിയും. ഉൽപാദന പങ്കാളിത്ത കരാറിലാണ് ഖത്തർ എനർജിയും സംയുക്ത സംരംഭ പങ്കാളികളായ ടോട്ടൽ എനർജീസ്, പെട്രോബ്രാസ്, പെട്രോണസ് പെട്രോലിയോ ബ്രസീൽ ലിമിറ്റഡ് എന്നിവരും അഗ്വ-മറിൻഹ ബ്ലോക്കിനായുള്ള പ്രൊഡക്ഷൻ ഷെയറിങ് കരാറിൽ (പി.എസ്.സി) ഒപ്പുവെച്ചത്. ബ്രസീലിന്റെ നാഷനൽ ഏജൻസി ഓഫ് പെട്രോളിയം, നാച്വറൽ ഗ്യാസ്, ബയോഫ്യുവൽ (എ.എൻ.പി) 2022 ഡിസംബർ 19നാണ് ഫസ്റ്റ് സൈക്കിൾ പെർമനന്റ് ഓഫർ റൗണ്ടിൽ ഖത്തർ എനർജി ഉൾപ്പെടുന്ന കൺസോർട്യത്തിന് അഗ്വ-മരിൻഹ ബ്ലോക്ക് നൽകിയത്.
പി.എസ്.സിയുടെയും അനുബന്ധ കരാറുകളുടെയും നിബന്ധനകൾ പ്രകാരം, ടോട്ടൽ എനർജീസ് (30 ശതമാനം), പെട്രോബ്രാസ് (ഓപറേറ്റർ, 30%), പി.പി.ബി.എൽ (20%) എന്നിവയോടൊപ്പം ഖത്തർ എനർജിക്ക് 20 ശതമാനത്തിന്റെ പ്രവർത്തന ഓഹരിയാണുള്ളത്.
ബ്രസീലിലെ ഖനി-ഊർജ മന്ത്രാലയവുമായും പങ്കാളികളുമായും പ്രൊഡക്ഷൻ ഷെയറിങ് കരാർ ഒപ്പുവെക്കുന്നതിൽ സന്തോഷമുണ്ടെന്നും ബ്രസീലിലെ ഖത്തർ എനർജിയുടെ ഗണ്യമായ അപ്സ്ട്രീം സാന്നിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കരാറെന്നും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. അവരുടെ തുടർച്ചയായ പിന്തുണക്കും ബ്രസീലിന്റെ നാഷനൽ ഏജൻസി ഓഫ് പെട്രോളിയം, നാച്വറൽ ഗ്യാസ്, ബയോ ഫ്യൂവൽസ് എന്നിവക്കും ബ്രസീലിയൻ ഭരണകൂടത്തിനും ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.കാമ്പോസ് തടത്തിനുള്ളിൽ 2000 മീറ്റർ ആഴത്തിൽ 1300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അഗ്വ-മരിൻഹ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.