കയറ്റുമതി കൂടി; ആഗോള വിപണിയിൽ നേട്ടം കൊയ്ത് ഖത്തർ

ദോഹ: ആഗോള വിപണിയിൽ നേട്ടംകൊയ്ത് ഖത്തർ. കയറ്റുമതി വഴിയുള്ള വരുമാനം വർധിപ്പിച്ച്, ആഗോള വ്യാപാര മിച്ചം ഉയർത്തിയ ഖത്തർ റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തി. 9750 കോടി ഡോളറിന്റെ വ്യാപാര മിച്ചം സ്വന്തമാക്കിയ ഖത്തർ മുൻവർഷത്തേതിൽനിന്നും അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയാണ് ആഗോള റാങ്കിങ്ങിൽ ആറിലെത്തിയത്.

റഷ്യൻ വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 8534 കോടി ഡോളർ മിച്ചവുമായി ആഗോളാടിസ്ഥാനത്തിൽ ഏഴാമതുള്ള ജർമനിയേക്കാൾ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. അതേസമയം, 2022​ലെ റിപ്പോർട്ട് പ്രകാരം റഷ്യയും ചൈനയുമാണ് ഒന്നാമതെത്തിനിൽക്കുന്നത്. മുൻവർഷത്തെ അവരുടെതന്നെ റെക്കോഡാണ് ഇരുരാജ്യങ്ങളും മറികടന്നിരിക്കുന്നതെന്ന് വാർത്ത ഏജൻസി പറഞ്ഞു.

2022ൽ ചൈനയുടെ വ്യാപാരമിച്ചം 30 ശതമാനം വർധിച്ച് 877.6 ബില്യൺ ഡോളറിലെത്തി. റഷ്യ തങ്ങളുടെ മിച്ചം 1.7 മടങ്ങും വർധിപ്പിച്ചു, 333.4 ബില്യൺ ഡോളറായി ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. നോർവേക്കും ആസ്‌ട്രേലിയക്കും മുന്നിൽക്കടന്ന് സൗദി അറേബ്യ പട്ടികയിൽ മൂന്നാമതെത്തി. ജനുവരി മുതൽ ഡിസംബർ വരെയുള്ള ലോകത്തിലെ ഏറ്റവും വലിയ 60 സമ്പദ് വ്യവസ്ഥകളുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്.

ഖത്തറിന്റെ കയറ്റുമതി വർധിച്ചതോടെ വാർഷികാടിസ്ഥാനത്തിൽ ഖത്തറിന്റെ വ്യാപാര മിച്ചം 64.9 ശതമാനം ഉയർന്നു. പി.എസ്.എ (പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി) റിപ്പോർട്ട് പ്രകാരം 2021ലെ കണക്കുകളുമായി (215.25 ബില്യൺ റിയാൽ) താരതമ്യം ചെയ്യുമ്പോൾ 2022ൽ ഖത്തർ 354.85 ബില്യൺ റിയാലിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഖത്തറിന്റെ ഇറക്കുമതി 19.3 ശതമാനം വർധിച്ച് 2022ൽ 121.86 ബില്യൻ റിയാൽ രേഖപ്പെടുത്തിയതായി പി.എസ്.എ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Exports increased; Qatar has gained in the global market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.