ദോഹ: ഒളിമ്പിക്സിനും ലോകകപ്പിനുമെത്തുന്ന താരങ്ങൾക്കും കാണികൾക്കും ഒഫീഷ്യലുകൾക്കും കളിയോളം തന്നെ പ്രധാനമാണ് വിശ്വമേളകളുടെ ഓർമകൾ തുളുമ്പുന്ന വസ്തുക്കളും. കീ ചെയിനുകളും പേനകളും ഭാഗ്യമുദ്രകളും വസ്ത്രങ്ങളും മുതൽ ലോകകപ്പിെൻറ ലോഗോയും ചിഹ്നങ്ങളുമുള്ള എന്തിനും പണത്തേക്കാൾ മൂല്യമുണ്ടാവും. ഫുട്ബാൾ ലോകകപ്പും ഒളിമ്പിക്സും ഉൾപ്പെടെയുള്ള ലോകചാമ്പ്യൻഷിപ്പുകൾക്ക് വൻകരകൾ താണ്ടി സഞ്ചരിക്കുന്നവർ തിരികെയെത്തുേമ്പാൾ പ്രിയപ്പെട്ടവർക്കായി സമ്മാനിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ കാലങ്ങൾ കഴിഞ്ഞാലും തെളിമ കുറയാത്തതാണ്.
2022 ലോകകപ്പിന് ഖത്തറിൽ പന്തുരുളുേമ്പാൾ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തി കളികണ്ടു മടങ്ങുന്നവർ തേടുന്നതും ലോകകപ്പിെൻറ ഓർമകൾ ജ്വലിപ്പിക്കുന്ന എന്തെങ്കിലുമാവും. ആ അന്വേഷണത്തിൽ നിങ്ങളുടെ കൈകളിൽ എത്തുന്നതിനുമുണ്ടാവും ഒരു മലയാളി ടച്ച്.
അടുത്തവർഷത്തെ ഫിഫ ലോകകപ്പ് മർച്ചൻഡൈസ് സ്റ്റോറുകളിൽ കാത്തിരിക്കുന്ന മൂന്ന് ഉൽപന്നങ്ങൾ രൂപകൽപനചെയ്തത് കോഴിക്കോട് ഒളവണ്ണ സ്വദേശി ഫഹദാണ്. ഖത്തറിൽ എട്ടു വർഷത്തിലേറെയായി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഫഹദ് സുഹൃത്ത് വഴി ലഭിച്ച ഇ–മെയിലിൽ സന്ദേശത്തിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഫിഫ മെർച്ചൻഡൈസ് ലൈസൻസ് നേടിയ ബ്ലൂ സലൂണും ഖത്തർ മ്യൂസിയത്തിനു കീഴിലെ എം സെവനും ചേർന്ന് നടത്തിയ ഉൽപന്ന രൂപകൽപനയിൽ നൂറോളം പേർ മാറ്റുരച്ചിരുന്നു. ഫിഫയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചും ഉന്നത ഗുണനിലവാരവും ആകർഷകത്വവും നിറഞ്ഞ ഉൽപന്നങ്ങളുടെ മാതൃകകളായിരുന്നു ക്ഷണിച്ചത്. ഫഹദ് സമർപ്പിച്ചവ സംഘാടകർക്കും ബോധിച്ചു. ഇനി ലോകകപ്പിെൻറ ഓർമകളുമായി അടുത്തവർഷം വിപണിയിലെത്തുന്ന ബാഗും മെഴുകുതിരി പാത്രവും കഫ്ലിങ്കുകളും ഈ മലയാളിയുടെ രൂപകൽപനയാണ്. മത്സരത്തിൽ വിജയിയായതിന് 10,000 റിയാലും സമ്മാനമായി ലഭിച്ചു.
'ലോകകപ്പ് ഫുട്ബാളിനെയും ഖത്തറിെൻറ പരമ്പര്യത്തെയും മനസ്സിൽ കണ്ടായിരുന്നു എെൻറ ഡിസൈൻ. വലിയൊരു വെല്ലുവിളിയായിരുന്നു ഈ ദൗത്യം. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ വിജയിക്കാനായി. ദൈവത്തിന് സ്തുതി' -ഫഹദ് പറയുന്നു.
ആദ്യ ഘട്ടത്തിൽ രണ്ടു ഉൽപന്നങ്ങളായിരുന്നു തിരഞ്ഞെടുത്തത്. പിന്നീട്, ഫഹദ് നൽകിയ കഫ്ലിങ്കിെൻറ മോഡലും അവർ ആവശ്യപ്പെടുകയായിരുന്നു.
നാട്ടിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം, നിരവധി ഡിസൈനിങ് കോഴ്സുകൾ ചെയ്ത ഫഹദ് പത്തു വർഷത്തിലേറെയായി ഈ മേഖലയിലുണ്ട്. ഖത്തറിൽ കനേഡിയൻ കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇതിനകം തന്നെ ഇൻറർനാഷനൽ സ്വിമ്മിങ് ഫെഡറേഷൻ, ജിംനാസ്റ്റിക്സ് ഫെഡറേഷൻ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഒളിമ്പിക് കമ്മിറ്റി, ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്കായി ഡിസൈൻ ജോലികൾ ചെയ്തിട്ടുണ്ട്.
അവയിൽ ഏറ്റവും ഒടുവിലെത്തിയ അംഗീകാരമാണ് ലോകകപ്പ് മർച്ചൻഡൈസിെൻറ ഭാഗമായി എന്നത്. ഇതിനു പുറമെ, 2022 ലോകകപ്പിെൻറ ഫാൻ ലീഡേഴ്സ് നെറ്റ്വർക്കിെൻറ ഭാഗം കൂടിയാണ് ഈ മലയാളി.
ഫുട്ബാളിനെ നെഞ്ചേറ്റുന്ന ഫഹദ് 2018 റഷ്യ ലോകകപ്പിൽ കാണിയായും ഉണ്ടായിരുന്നു. ഒളവണ്ണ ബൈതുൽനൂറിൽ പരേതനായ അലിയുടെയും സുഹറാബിയുടെയും മകനാണ് ഫഹദ്. ഭാര്യ: നേഹ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.