ദോഹ: ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികളെ ആകർഷിക്കുന്ന ‘മർമി’ ഫെസ്റ്റിവലിന് ജനുവരി ഒന്നിന് തുടക്കമാകും. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 15ാമത് ഖത്തർ ഇന്റർനാഷനൽ ഫാൽകൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലായ ‘മർമി’യുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കതാറ കൾച്ചറൽ വില്ലേജിലെ 33ാം നമ്പർ കെട്ടിടത്തിൽ നേരിട്ടുള്ള രജിസ്ട്രേഷൻ ചൊവ്വാഴ്ച സമാപിച്ചു. ഒൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച രാത്രി 11 വരെ തുടരും.
ജനുവരി ഒന്ന് മുതൽ 27 വരെയാണ് വിവിധ മത്സരങ്ങളോടെ മർമി ഫെസ്റ്റിവൽ നടക്കുന്നത്. യുനെസ്കോയുടെ ആഗോള പൈതൃക പട്ടികയിൽ ഇടം പിടിച്ച പക്ഷിയാണ് ഫാൽകൺ. ഖത്തറിൽ ഫാൽകൺ പക്ഷിയെ വളർത്തുന്നവരും പരിചരിക്കുന്നവരും ഫാൽകൺ പ്രേമികളും ഉൾപ്പെടെ കൂട്ടായ്മയാണ് അൽ ഗന്നാസ് അസോസിയേഷൻ.
ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന മർമി ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി ടൂർണമെന്റുകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഹുബാറ പക്ഷികളെ വേട്ടയാടാൻ ഫാൽകണുകളെ അഴിച്ചുവിടുന്ന അൽ തലാഅ ഇവയിൽ പ്രധാന മത്സരമാണ്. ഫാൽകണുകളും ഹോമിങ് പ്രാവുകളും തമ്മിൽ പോരാടുന്ന ഹദാദ് അൽ തഹാദി ചാമ്പ്യൻഷിപ് മറ്റൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.