ദോഹ: സബ്കത് മർമിയിൽ 14ാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ (‘മർമി 2023’) പുരോഗമിക്കുന്നു. ജനുവരി ഒന്നിന് തുടക്കമായ ഫെസ്റ്റിവലിൽ യോഗ്യതാ മത്സരങ്ങളാണ് നിലവിൽ നടക്കുന്നത്. പറക്കുന്ന പ്രാവുകളെ പിന്തുടർന്ന് പിടിക്കുന്ന ഹദ്ദാദ് അൽ തഹാദി വിഭാഗത്തിലെ യോഗ്യതാ മത്സരങ്ങൾ രണ്ടു ദിവസം പിന്നിട്ടപ്പോൾ എട്ട് ഫാൽക്കണേഴ്സാണ് യോഗ്യത നേടിയത്. ആദ്യദിനം മൂന്നും രണ്ടാംദിനം അഞ്ചും പേരാണ് യോഗ്യതാ ഘട്ടം വിജയകരമായി പിന്നിട്ടത്.
യോഗ്യത നേടുന്ന ഫാൽക്കണിന്റെ ഉടമക്ക് ഒരു ലക്ഷം ഖത്തർ റിയാൽ (ഏകദേശം 22 ലക്ഷം രൂപ) ആണ് പാരിതോഷികമായി ലഭിക്കുക. ഫൈനലിൽ വിജയിക്കുന്നവർക്ക് ലക്സസിന്റെ രണ്ട് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിക്കും. സീലൈൻ ഏരിയയിൽ ആകാശത്ത് ഉയർന്നുപറക്കുന്ന പ്രാവുകളെ ഫാൽക്കണുകൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിന്റെ ആവേശം തീരത്ത് ഫാൽക്കണേഴ്സിലും കാഴ്ചക്കാരിലും ഏറെ ആവേശം പടർത്തുന്നതായിരുന്നു. പ്രത്യേക പരിശീലനവും പരിചരണവും നൽകി വളർത്തുന്ന ഫാൽക്കണുകളും പ്രാവുകളുമാണ് മത്സരത്തിന് സജ്ജമാകുന്നത്. പ്രാവുകൾക്ക് രാവിലെ ഒരു മണിക്കൂറും വൈകീട്ട് അരമണിക്കൂറും പരിശീലനം നൽകിയാണ് ഫെസ്റ്റിവലിന് ഒരുക്കുന്നത്.
അതേസമയം, കനത്ത കാറ്റുകാരണം കഴിഞ്ഞ ദിവസം നടക്കേണ്ട അൽ തലാആ മത്സരങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 28നാണ് സമാപിക്കുന്നത്. അതിരാവിലെ അഞ്ചുമണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ഗൾഫ് മേഖലയിലുടനീളമുള്ള ഡസൻ കണക്കിന് മത്സരാർഥികളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കാനെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.