ദോഹ: നാട്ടിലുള്ള കുടുംബത്തെ ഖത്തറിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി.
ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്.2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ ഘട്ടങ്ങളിലായാണ് വിവിധ മേഖലകളിൽ തുറന്നുനൽകിയത്. മലയാളികൾ ഉൾപ്പെടെയുന്ന നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെയെല്ലാം ഫാമിലി വിസ അനുവദിക്കാൻ അഭ്യർഥിച്ചിരുന്നു. ഈ കാത്തിരിപ്പുകൾക്കെല്ലാം അറുതിയായാണ് തിങ്കളാഴ്ച ഉച്ചയോടെ മെട്രാഷിലെ ഫാമിലി വിസ അപേക്ഷ ലഭ്യമായിത്തുടങ്ങുന്നത്.
ഇന്ത്യക്കാരായ താമസക്കാർക്ക് ഇനി ആവശ്യമായ വിവരങ്ങൾ ഓൺലൈൻ ആയി പൂരിപ്പിച്ച് ഫാമിലി വിസക്ക് അപേക്ഷിക്കാൻ സാധിക്കും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെട്രാഷ് ആപ്പിൽ മറ്റുപല രാജ്യക്കാർക്കുമുള്ള അപേക്ഷ പുനഃസ്ഥാപിച്ച കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ശക്തമായ ട്രാഫിക് കാരണം തുടർന്ന് ഇന്ത്യയെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. സാങ്കേതിക തകരാറുകൾ പരിഹരിച്ച് നിലവിൽ ഇന്ത്യയെ വീണ്ടും ഉൾപ്പെടുത്തുകയാണ് ഉണ്ടായത്.
അതേസമയം, വിസിറ്റ് വിസകൾ ഒന്നും അനുവദിച്ചുതുടങ്ങിയിട്ടില്ല.കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 10 ദിവസ ക്വാറൻറീൻ നിലവിലുള്ളതിനാൽ വിസിറ്റ് വിസക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.