ദോഹ: ഡി റിങ് റോഡിലെ ഫരീജ് അൽ അലി ഇന്‍റർസെക്ഷൻ (അൽ തദമൻ ഇന്‍റർസെക്ഷൻ) അടിപ്പാതയും കാര്യേജ് വേയും ഗതാഗതത്തിനായി തുറന്നുകൊടുത്തു. പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ അടിപ്പാത ശനിയാഴ്ച രാവിലെയാണ് പൊതുഗതാഗതത്തിനായി തുറന്നത്. മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ ഏറെ നിർണായകമാണ് പുതിയ അടിപ്പാത. പാത തുറന്നു നൽകിയതോടെ ഡി റിങ് റോഡിനും ദോഹ എക്സ്പ്രസ് വേക്കുമിടയിലെ യാത്ര കൂടുതൽ എളുപ്പമാവും. 70 ശതമാനത്തോളം യാത്രാസമയവും ലാഭിക്കാനാവും. നുഐജ, അൽ ഹിലാൽ ഓൾഡ് എയർപോർട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവക്ക് പുതിയപാത ഏറെ ഗുണം ചെയ്യും. ഫെരീജ് അൽ അലി, നുഐജ, ലുലു തുടങ്ങിയ ഇന്‍റർസെക്ഷനുമായി ബന്ധപ്പെടുത്തിയാണ് പുതിയ കാരേജ്വേ നിർമിച്ചിരിക്കുന്നത്. ഇരു വശത്തേക്കും മൂന്നിൽനിന്നും നാലുവരിയായി വർധിപ്പിച്ചാണ് ഇന്‍റർസെക്ഷൻ പുർത്തിയാക്കിയത്. മണിക്കൂറിൽ 12,000ത്തിൽനിന്നും 16,000 വാഹനങ്ങൾ കടന്നുപോവാനാവും വിധമാണ് പാത വിപുലമാക്കിയത്.
ഒരു കി.മീ ദൈർഘ്യമുള്ള ഫരീജ് അലി അണ്ടർപാസ് വഴി ദോഹ എക്സ്പ്രസ് വേയിൽനിന്നും ഡി റിങ് റോഡിലേക്ക് ട്രാഫിക് തടസ്സങ്ങളൊന്നുമില്ലാതെ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഇരു വശങ്ങളിലേക്കും മൂന്ന് വരികളിലായി ആറ് വരികളിൽ വിശാലമായ വാഹന സഞ്ചാരപാതയാണ് സജ്ജീകരിച്ചത്. നേരത്തേതിൽനിന്നും 50 ശതമാനം വരെ യാത്രാസമയം ലാഭിക്കാൻ കഴിയുമെന്ന് അശ്ഗാൽ അറിയിച്ചു. മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി 12,000 വാഹനങ്ങൾക്ക് ഒരു തടസ്സവുമില്ലാതെ സഞ്ചരിക്കാൻ കഴിയും. മഴവെള്ളം ഒഴുകിപ്പോകാനായി 3.5 കിലോമീറ്റർ നീളത്തിൽ ഡ്രെയിനേജ് ശൃംഖലയും നിർമിച്ചിട്ടുണ്ട്. മൈക്രോ ടണലിങ്ങിലൂടെ വെള്ളം, വൈദ്യുതി, ഡ്രെയിനേജ്, കമ്യൂണിക്കേഷൻ നെറ്റ്വർക്ക് സംവിധാനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. 17,000 ടൺ സ്റ്റീൽ, ഒരു ലക്ഷം ടൺ അസഫാൾട്ട്, 1.05 ലക്ഷം ചതുരശ്ര മീറ്റർ കോൺക്രീറ്റ്, 3.5 കി.മീ മഴവെള്ള ടണൽ, 30 കി.മീ ഇലക്ട്രിസിറ്റി നെറ്റ്വർക്ക്, 32 കി.മീ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ തുടങ്ങിയവയാണ് നിർമാണത്തിന്‍റെ വിശദാംശങ്ങൾ. നിർമാണത്തിനായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളിൽ 66 ശതമാനവും ഖത്തറിൽനിന്നു തന്നെയുള്ളവയാണെന്ന് അശ്ഗാൽ പ്രോജക്ട് വിഭാഗം മാനേജർ എൻജിനീയർ യൂസുഫ് അൽ ഇമാദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.