ദോഹ: ഭക്ഷ്യോൽപാദന സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന ഒരൊറ്റ ഡിജിറ്റൽ ഡാഷ്ബോർഡിന് കീഴിൽ ലഭ്യമാക്കും. പദ്ധതി ആരംഭിക്കുന്നതിനുള്ള കരാർ അടുത്തിടെ ഒപ്പുവെച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.
‘നിലവിൽ വിവിധ പ്ലാറ്റ്ഫോമുകൾക്ക് കീഴിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഈ ഡേറ്റയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. തീരുമാനം എടുക്കുന്നവർക്ക് ഉചിതമായതും സമയബന്ധിതവുമായ രീതിയിൽ കാര്യങ്ങളെ സമീപിക്കാൻ അത് സഹായകമാകും’-അൽ ഖുലൈഫി പറഞ്ഞു.
പ്രാദേശിക കാർഷിക, ഡെയറി, കോഴി ഫാമുകൾ എന്നിവയുൾപ്പെടെയുള്ളവ ഉൽപാദിപ്പിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉൽപാദിപ്പിച്ചതുമടക്കം ലേലം ചെയ്തതും പ്രാദേശിക മാർക്കറ്റിൽ വിൽപന നടത്തിയതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഡേറ്റ ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അൽ റയ്യാൻ ടി.വിയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു.
ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ വികസനം ഉടൻ പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനായി മാർച്ചിൽ മൂന്ന് പ്രോഗ്രാമുകൾ ആരംഭിക്കും. മറ്റ് പദ്ധതികൾക്കും ഈ വർഷംതന്നെ ക്രമേണ തുടക്കമിടും. ഉചിത തീരുമാനമെടുക്കുന്നതിനും വിശകലനത്തിനും കൃത്യത കൊണ്ടുവരുന്നതിന് യഥാസമയത്ത് വിവരം നൽകേണ്ടത് അനിവാര്യമാണെന്ന് അൽ ഖുലൈഫി പറഞ്ഞു.
വെള്ളം ലാഭിക്കുന്നതും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതും സാങ്കേതികമായും സാമ്പത്തികമായും ഖത്തരി പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ആധുനിക കാർഷിക സാങ്കേതികവിദ്യ സ്വീകരിക്കും. ഇത്തരത്തിൽ പ്രവർത്തിച്ച് ഖത്തരി ഫാമുകളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും ഉയർത്താൻ മുനിസിപ്പാലിറ്റി മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.