പന്ത്രണ്ട് വർഷങ്ങൾക്കപ്പുറം 2022 ൽ ഖത്തറിൽ ഫിഫ വേൾഡ് കപ്പ് നടക്കുമെന്നറിഞ്ഞപ്പോൾ ‘അന്ന് നമ്മളൊക്കെ എവിടെയാകുമോ എന്തോ?’എന്ന് ആശങ്കിച്ചത് വർഷങ്ങൾക്കിപ്പുറം ഓർത്തുപോവുന്നു. ലോകകപ്പ് ഓർമകൾ കുട്ടിക്കാലത്തിന്റേത് കൂടിയാണ്. അന്ന് അമ്മാവന്മാരുടെ ഫുട്ബാളാരവങ്ങളിൽ കൂടെക്കൂടിയതുകൊണ്ടായിരിക്കാം, പ്രകടമായിരുന്നില്ലെങ്കിലും എന്നിലൊരു ഫുട്ബാൾ പ്രേമി വളർന്നുവന്നത്. ആ ഇഷ്ടം ഏറ്റുപിടിക്കാനായത് ഈ ഖത്തർ വേൾഡ്കപ്പിന്റെ ആഘോഷ നാളുകളിലാണ്.
14 വർഷങ്ങൾക്ക് മുമ്പ് പ്രിയതമനോടൊപ്പം ഖത്തറിലേക്ക് ചേക്കേറിയത് മുതൽ മുഹബ്ബത്താണ് ഈ നാടിനോട്. ലോകകപ്പിന് വേണ്ടി ഖത്തർ ഒരു മണവാട്ടിയെ പോലെ ഒരുങ്ങുന്നത് കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഫാൻ സോണുകളിൽ, വിവിധ ആഘോഷപരിപാടികളിൽ, മെട്രോയിൽ, തെരുവുകളിൽ പോലും കളിയുടെ ആവേശം ആവോളം ആസ്വദിച്ചു. ഇഷ്ടടീമായ അർജന്റീനയുടെ രാജകീയ സെമിപ്രവേശനം ഉൾപ്പെടെ മൂന്ന് മത്സരങ്ങൾ സ്റ്റേഡിയങ്ങളിലിരുന്ന് കണ്ടു.
ഈ മണ്ണിൽനിന്ന് ലോകചാമ്പ്യൻപട്ടത്തിലേറി ഇതിഹാസമായ ലയണൽ മെസ്സിയെ സ്വന്തം മൊബൈൽ കാമറയിൽ പകർത്താനായതുൾപ്പെടെയുള്ള അനുഭവങ്ങൾ. ജീവിതത്തിൽ കണ്ടതിൽ െവച്ചേറ്റവും വലിയ ഫുട്ബാൾ ആരാധകനും മുൻ ഖത്തർ പ്രവാസിയുമായ ‘വല്യാക്ക’ എന്ന് സ്നേഹത്തോടെ വീട്ടുകാരും നാട്ടുകാരും വിളിക്കുന്ന അമ്മാവൻ നാട്ടിൽ നിന്ന് എത്തിയത് മേളയുടെ ആസ്വാദനത്തിന് മാറ്റുകൂട്ടി.
കൈയെത്തും ദൂരത്തെ മെട്രോയിലേക്ക് കിലോമീറ്ററുകളോളം വളഞ്ഞുതിരിഞ്ഞുനടന്നത്, സ്വന്തം വീട്ടിലെ അതിഥികളെയെന്ന പോലെ വഴിയാത്രക്കാർക്ക് സ്വീറ്റ്സും ചായയും വിളമ്പി സൽക്കരിക്കുന്ന ഖത്തരികൾ... എല്ലാം മനസ്സിൽ കോറിയിട്ട നിറമുള്ള ഓർമച്ചിത്രങ്ങളിൽ ചിലത് മാത്രം. മിനാ ഡിസ്ട്രിക്ട് ഫാൻ സോണിൽ നിന്ന് ഫൈനൽ മത്സരം കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഇഷ്ട ടീം വിജയിച്ചതിന്റെ ആനന്ദമാണോ ആഘോഷരാവുകളുടെ അവസാനമായതിന്റെ നോവാണോ മുന്നിട്ടുനിന്നതെന്ന് ഇപ്പോഴും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.