ദോഹ: സൈക്കോ ത്രില്ലറായി പുറത്തിറങ്ങാനൊരുങ്ങുന്ന 'റോഷാകിന്റെ' കഥകളും വിശേഷങ്ങളുമായി ചലച്ചിത്ര താരം മമ്മൂട്ടി ദോഹയിലെത്തി. കാഴ്ചക്കാർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സസ്പെൻസും ത്രില്ലറുമെല്ലാം തിയറ്ററിൽതന്നെ വെളിപ്പെടട്ടെ എന്ന തീരുമാനത്തിലായിരുന്നു താരം.
ചോദ്യങ്ങളിൽനിന്ന് ഡ്രിബ്ൾ ചെയ്തും മെയ്വഴക്കത്തോടെ ഒഴിഞ്ഞുമാറിയും ഖത്തറിൽ താരസംവാദമായി. സിനിമയുടെ അരികും അറ്റവും മുറിയുമൊക്കെ മാത്രമേ പറയൂ എന്ന മുഖവുരയോടെയാണ് മമ്മൂട്ടി 'റോഷാക്' ഗ്ലോബൽ ലോഞ്ചിന്റെ ഭാഗമായി ആരാധകർക്ക് മുന്നിലെത്തിയത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റീജനൽ ഡയറക്ടർ റാഷിദ്, റീജനൽ മാനേജർ ആർ.ജെ. സൂരജ് എന്നിവരും പങ്കെടുത്തു.
റോഷാക് ഒക്ടോബര്‍ ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും എല്ലാവരും തിയറ്ററുകളില്‍ നിന്നുതന്നെ സിനിമ കാണണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.
സിനിമ എല്ലാവർക്കും ഇഷ്ടമാവണം
സമൂഹത്തിലെ 25 ശതമാനം യുവാക്കൾക്കും സിനിമ വലിയൊരു ഭ്രമമാണ്. അവർ ഗൗരവമായി പിന്തുടരുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. കാഴ്ചക്കാരായും സിനിമാ പ്രവർത്തകരായും അതിനൊപ്പം ചേരാൻ ആഗ്രഹിച്ചുമെല്ലാം വലിയൊരു വിഭാഗം യുവാക്കൾ സിനിമയെ പിന്തുടരുന്നുണ്ട്. ഒരു വീട്ടിൽ ചുരുങ്ങിയത് രണ്ടുപേരെങ്കിലും സിനിമാ ഭ്രാന്തന്മാരായുണ്ട്. അങ്ങനെ വലിയൊരു വിഭാഗമുണ്ട്.
തൊഴിൽ എന്ന നിലയിലും സിനിമ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. നല്ല പ്രതിഭയുള്ള വലിയൊരു യുവാക്കളുണ്ട്. മലയാള സിനിമ ഭയപ്പെടേണ്ട കാലത്തിലല്ല. നല്ല സിനിമകൾ വരും. അതേസമയം, സിനിമ എല്ലാ വിഭാഗങ്ങളുടേതുമാവണം. ചെറുപ്പക്കാരുടെ മാത്രമായി മാറരുത്. മധ്യവസ്കനും മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇഷ്ടപ്പെടാവുന്ന ഘടകങ്ങൾ സിനിമയിൽ അടങ്ങിയിരിക്കണം.
റോഷാക് എന്ന പേരിനുപിന്നിലെ കഥ
സത്യം പറഞ്ഞാൽ ഞങ്ങളുടെ സിനിമക്ക് എങ്ങനെ 'റോഷാക്' എന്ന പേര് നൽകിയെന്നത് എനിക്കുമറിയില്ല. സംവിധായകനാണ് സിനിമക്ക് പേരു നൽകിയത്. വ്യത്യസ്തമായൊരു പേരായതിനാൽ ഏറെ ശ്രദ്ധയും ചർച്ചയും നേടി. റോഷാക് ഒരു സൈക്കോ ചിത്രമാണ്. താമാശക്കാരായ ഒരുപിടി നടന്മാർ ചിത്രത്തിലുണ്ടെങ്കിലും തമാശക്കൊന്നും ഈ ചിത്രത്തിൽ ഇടമില്ല. മറ്റു സിനിമകൾ ഏറ്റെടുത്തപോലെ പ്രേക്ഷകർ ഇതും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സിനിമയുടെ സാങ്കേതിക വശങ്ങളും ഏറെ മെച്ചപ്പെട്ടതാണ്.
സിനിമാ മേഖലയിൽ ഉയരുന്ന അഭിമുഖ വിവാദങ്ങളെക്കുറിച്ച്?
ഈ വിഷയത്തിലൊക്കെ ചർച്ച ചെയ്യാൻ പോയാൽ ദിവസമെടുക്കും. ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും, അവരവരുടെ ഉത്തരങ്ങളുമുണ്ടാവും. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.