ദോഹ: എല്ലായിടത്തും പെരുന്നാൾ തിരക്ക്. സൂഖുകളിലും മാളുകളിലും തൊട്ട്, ഷോപ്പുകളിലുമെല്ലാമായി ഷോപ്പിങ് തിരക്കുകൾ. ഉച്ച കഴിയുന്നതോടെ നിരത്തുകളും വാഹനങ്ങളാൽ വീർപ്പുമുട്ടുന്നു. നോമ്പു തുറന്നത് മുതൽ രാത്രി പുലരുവോളം തുറന്നിരിക്കുന്ന കടകളിലും മാളുകളിലും പുതുവസ്ത്രങ്ങളും അവശ്യ സാധനങ്ങളുമെല്ലാം വാങ്ങിക്കൂട്ടുന്നവരുടെ തിരക്ക്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ ദിവസങ്ങൾക്ക് മുമ്പുതന്നെ സ്വദേശികളും വിദേശികളും നിരത്തുകളിൽ ഇറങ്ങിയിരിക്കുന്നു. സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും ഉൾപ്പെടെ സ്ഥാപനങ്ങളുടെ അവധി ബുധനാഴ്ച തന്നെ ആരംഭിച്ചതോടെ ആഘോഷം നേരത്തേ തുടങ്ങി.
ഏപ്രിൽ 19 മുതൽ 27 വരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ ദിനങ്ങൾ കൂടിയാവുന്നതോടെ 11 ദിവസത്തെ ആഘോഷവും കഴിഞ്ഞ് ഏപ്രിൽ 30നാണ് പ്രവൃത്തി ദിനം ആരംഭിക്കുന്നത്. അതേസമയം, നീണ്ട അവധിക്കാലവും പെരുന്നാളും കുടുംബത്തിനൊപ്പം ആഘോഷമാക്കാൻ നാട്ടിലേക്ക് തിരിച്ചവരും വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുന്നവരുമുണ്ട്.
പെരുന്നാളിനായി വിപുലമായ തയാറെടുപ്പുകളാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളങ്ങൾ, ആശുപത്രികൾ, സന്ദർശകർ ഒഴുകിയെത്തുന്ന പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
പെരുന്നാൾ ആഘോഷം കളറാക്കാനൊരുങ്ങി ഖത്തറിലെ പ്രധാന സന്ദർശക കേന്ദ്രമായ മിഷൈരിബ് ഡൗൺ ടൗൺ. കുട്ടികൾക്കും മുതിർന്നവർക്കുമായി കുടുംബസമേതം ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് പെരുന്നാളിന്റെ ഭാഗമായി ഡൗൺ ടൗണിൽ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. എക്കാലവും ഓർത്തുവെക്കാനൊരു ദിനമായിരിക്കും മിഷൈരിബ് ഡൗൺ ടൗണിലെ പെരുന്നാളെന്ന് മിഷൈരിബ് പ്രോപ്പർട്ടീസ് കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ് മേധാവി ഡോ. ഹഫീസ് അലി പറഞ്ഞു.
ഏപ്രിൽ 21 മുതൽ 28 വരെ വൈകീട്ട് അഞ്ചുമുതൽ രാത്രി 11 വരെയാണ് വിവിധ ഈദ് പരിപാടികൾ ഒരുക്കുന്നത്. ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും കൂടി സ്മരിക്കുന്നതായും ആഘോഷ രാവുകൾ. 360 ഡിഗ്രി ഫോട്ടോ ബൂത്ത്, കരകൗശല പ്രദർശനങ്ങൾ, കലാ സൃഷ്ടികൾ, വിവിധ വിനോദ പരിപാടികൾ എന്നിവയും ഉൾപ്പെടുന്നതാണ് മിഷൈരിബിലെ പെരുന്നാൾ.
ഈദ് അവധിക്കാലത്ത് രാജ്യത്തെ പൊതു പാർക്കുകൾ അർധരാത്രികളിലും തുറന്നിടുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രാവിലെ അഞ്ച് മുതൽ അർധരാത്രിയും കഴിഞ്ഞ് പുലർച്ച രണ്ട് മണിവരെ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും. ഈദ് ആഘോഷ വേളയിൽ കുടുംബങ്ങൾക്കൊപ്പം ഒഴിവു സമയം ആഘോഷിക്കാനുള്ള അവസരം എന്ന നിലയിലാണ് പാർക്കുകൾ ദിവസം മൂന്ന് മണിക്കൂർ ഒഴികെ പൂർണമായും തുറന്നു നൽകുന്നത്.
നല്ല കാലാവസ്ഥ കൂടിയായ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ദോഹ മുനിസിപ്പാലിറ്റി പാർക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അറിയിച്ചു.
പെരുന്നാൾ ഒരുക്കം എന്ന നിലയിൽ പാർക്കുകൾ ശുചീകരിക്കുകയും കൂടുതൽ തൊഴിലാളികളെ സജ്ജമാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സ്പോർട്സിനും വ്യായാമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന സമൂഹം എന്ന നിലയിൽ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും ആഘോഷ വേളകളിലുമെല്ലാം കൂടുതൽ പേരാണ് പാർക്കുകളിലെത്തുന്നത്. ഇതിനു പുറമെ, കുടുംബ സമേതം സമയം ചെലവഴിക്കാനും ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ ഈദ് അവധിക്കാലത്ത് 1.31 ലക്ഷം പേരാണ് പാർക്കുകളിലെത്തിയത്. ദോഹ മുനിസിപ്പാലിറ്റിക്കു കീഴിലെ പാർക്കുകളിൽ 50,000ത്തോളം പേരും റയ്യാൻ മുനിസിപ്പാലിറ്റിക്കുകീഴിൽ 35,500 പേരും എത്തി. നിലവിൽ 148 പാർക്കുകളാണ് ഖത്തറിലുള്ളത്. 2010ൽ ഇത് 56 എണ്ണമായിരുന്നു. ലോകകപ്പും ഖത്തർ ദേശീയ വിഷൻ 2030ഉം ലക്ഷ്യംവെച്ച് കൂടുതൽ പാർക്കുകൾ നിർമിക്കുകയായിരുന്നു. അൽ ഖോറിലെ പ്രശസ്തമായ ഫാമിലി പാർക്കിൽ ഈദ് ദിനങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്ക് പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഔൻ ആപ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
പെരുന്നാൾ ദിനങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി സേവനം 24 മണിക്കൂറും ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. പീഡിയാട്രിക് എമർജൻസി, ആംബുലൻസ് സർവിസ് എന്നിവയും പതിവുപോലെ മുഴുസമയം സേവനം നടത്തും.
അതേസമയം, ഒ.പി ക്ലിനിക്ക്-അർജർന്റ് കൾസൽട്ടേഷൻ സർവിസ് 27 വരെ അവധിയാണ്. നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അവധിയായിരിക്കും. 26 മുതൽ 29 വരെ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെയാണ് സേവനം. ഫാർമസി ഹോം ഡെലിവറി സർവിസ് 27 വരെ അവധിയാണ്.
ഹമദ് രക്തദാന കേന്ദ്രം ഏപ്രിൽ 21,22 തീയതികളിൽ പ്രവർത്തിക്കില്ല. 23 മുതൽ 27 വരെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. ഏപ്രിൽ 28നും അവധിയാണ്.ഹമദ് ആശുപത്രി പ്രവർത്തന സമയം
പെരുന്നാൾ ദിനങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി സേവനം 24 മണിക്കൂറും ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. പീഡിയാട്രിക് എമർജൻസി, ആംബുലൻസ് സർവിസ് എന്നിവയും പതിവുപോലെ മുഴുസമയം സേവനം നടത്തും.
അതേസമയം, ഒ.പി ക്ലിനിക്ക്-അർജർന്റ് കൾസൽട്ടേഷൻ സർവിസ് 27 വരെ അവധിയാണ്. നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അവധിയായിരിക്കും. 26 മുതൽ 29 വരെ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെയാണ് സേവനം. ഫാർമസി ഹോം ഡെലിവറി സർവിസ് 27 വരെ അവധിയാണ്.
ഹമദ് രക്തദാന കേന്ദ്രം ഏപ്രിൽ 21,22 തീയതികളിൽ പ്രവർത്തിക്കില്ല. 23 മുതൽ 27 വരെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. ഏപ്രിൽ 28നും അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.