ദോഹ: ഖത്തർ സ്റ്റാർസ്സ് ലീഗിലെ ക്ലബുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഫിഫയും സ്റ്റാർസ് ലീഗും കരാറിൽ ഒപ്പുവെച്ചു. ക്യു.എസ്.എല്ലിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ഡിവിഷന് ക്ലബുകളിലുടനീളമുള്ള ക്ലബ് മാനേജ്മെന്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും നിലവാരം ഉയര്‍ത്താനാണ് തന്ത്രപ്രധാനമായ പങ്കാളിത്തം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ക്യു.എസ്.എല്‍ പ്രസിഡന്റ് ശൈഖ് ഹമദ് ആൽഥാനിയും ഇതുസംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ലോകകപ്പിനു ശേഷം രാജ്യത്തെ ആഭ്യന്തര ഫുട്ബാളിനെ മികവിന്റെ പാതയിലേക്ക് ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ക്ലബ് മത്സരങ്ങളില്‍ അടിമുടി മാറ്റത്തിനുള്ള പദ്ധതികളുടെ ഭാഗമായി ഓരോ ക്യു.എസ്.എല്‍ ക്ലബുകളെയും മാതൃകാപരമായ പ്രഫഷനല്‍ ക്ലബുകളാക്കി മാറ്റും. ഫിഫയുമായുള്ള പങ്കാളിത്തത്തിലൂടെ വലിയ അനുഭവ സമ്പത്തും ഉള്‍ക്കാഴ്ചയും പ്രായോഗിക അറിവും കൈവരിക്കാന്‍ കഴിയുമെന്ന് ശൈഖ് ഹമദ് ആൽഥാനി വ്യക്തമാക്കി.കളത്തിലെയും പുറത്തെയും ക്ലബുകളുടെ പ്രകടനങ്ങള്‍ക്ക് പുതിയ നിലവാരം ക്രമപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തിന് ആക്കം കൂട്ടുന്നതിനൊപ്പം പ്രഫഷനല്‍ ക്ലബ് വികസനത്തെ പിന്തുണക്കുന്നതുമാണ് കരാര്‍. ലോക ഫുട്ബാളിനെ കൂടുതൽ ജനകീയമാക്കുകയും മത്സരാധിഷ്ഠിതവും സുസ്ഥിരവുമായി മാറ്റപ്പെടുത്തുകയും ചെയ്യുക എന്ന ഫിഫയുടെ ലക്ഷ്യത്തിന്റെ ഭാഗമായി ഖത്തർ സ്റ്റാർസ് ലീഗുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. കൂടുതൽ ക്ലബുകൾക്കും ലീഗുകൾക്കും കളിക്കാർക്കും മത്സരിക്കാൻ കഴിയുന്ന അവസരമൊരുക്കുകയാണ് ഫിഫ. ഖത്തർ സ്റ്റാർസ് ലീഗുമായുള്ള പങ്കാളിത്തം മേഖലയിലെ ഫുട്ബാൾ വികസനത്തിലും നിർണായകമാവും -അദ്ദേഹം പറഞ്ഞു. 2022-23 സീസണിനു മുന്നോടിയായി ആറു മേഖലകളിൽ സ്റ്റാർസ് ലീഗിൽ ഫിഫയുടെ പിന്തുണയുണ്ടാവും. ക്ലബ് ഗവേണൻസ്, മാനേജ്മെന്റ്, ഫുട്ബാൾ, മാച്ച് ഡേ ഓപറേഷൻസ്, വരുമാനം, മാർക്കറ്റിങ്, കമ്യൂണിറ്റി എന്നീ മേഖലകളിലാണ് പിന്തുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.