ദോഹ: ഫിഫ അറബ് കപ്പ് അവസാന ലാപ്പിലേക്ക് അടുക്കവെ വിറ്റഴിഞ്ഞത് അഞ്ചു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ. ക്വാർട്ടർ ഫൈനൽ വരെ 28 മത്സരം പൂർത്തിയായപ്പോൾ 4.76 ലക്ഷം ടിക്കറ്റുകളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വിൽപന നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ബാക്കിനിൽക്കെ ടിക്കറ്റ് വിൽപന വരും ദിവസങ്ങളിൽ കൂടുതൽ സജീവമാവുമെന്ന് അധികൃതർ അറിയിച്ചു. ഫിഫ അറബ് കപ്പ് മത്സരം സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗ്രൂപ് റൗണ്ടിലെ അൽജീരിയ - ഈജിപ്ത് മത്സരത്തിനായിരുന്നു ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞതെന്നും വിശദീകരിച്ചു.
ടൂർണമെൻറിലെ 32ൽ 28 മത്സരങ്ങൾ പൂർത്തിയാവുകയും, ആറ് വേദികളിലും കളി നടക്കുകയും ചെയ്തതോടെ ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പ് വിലയിരുത്താൻ കഴിഞ്ഞതായി ലോകകപ്പ് ഓപറേഷൻസ് വൈസ് പ്രസിഡൻറ് ജാസിം അൽ ജാസിം പറഞ്ഞു. ലോകകപ്പ് വേദികൾ, പരിശീലന ഗ്രൗണ്ടുകൾ, കാണികൾക്കായി ഒരുക്കിയ ക്രമീകരണങ്ങൾ, സുരക്ഷ-വളൻറിയർ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം അറബ് കപ്പ് മത്സരങ്ങളിലൂടെ വിലയിരുത്താൻ കഴിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു. വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുമായും ഏകോപിപ്പിച്ച് ടൂർണമെൻറ് വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 750ഓളം മാധ്യമ പ്രവർത്തകർക്കാണ് മത്സരം റിപ്പോർട്ട് ചെയ്യാനായി അക്രഡിറ്റേഷൻ അനുവദിച്ചത്. ഇതിൽ ഏറെയും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ലോകകപ്പ് ഒരുക്കങ്ങൾ റിപ്പോർട്ട് ചെയ്യാനായി വിദേശങ്ങളിൽ നിന്ന് നിരവധി പേർ ഖത്തറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്ന് ലോകകപ്പ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻസ് കമ്മിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ കേണൽ ജാസിം അൽ ബുഹാഷിം അറിയിച്ചു. കളിക്കാർ, മാച്ച് ഒഫീഷ്യൽ, സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള കാണികൾ തുടങ്ങി എല്ലാ മേഖലയിലും സുരക്ഷ കാര്യക്ഷമമായി. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര സുരക്ഷസേന, അമിരി ഗാർഡ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സുരക്ഷ ഉറപ്പാക്കിയത്. സ്റ്റേഡിയത്തിന് പരിസരങ്ങളിലും പുറത്തുമായി ഗതാഗതം സുഗമമാക്കി. സ്റ്റേഡിയങ്ങളോട് ചേർന്നുള്ള ഏറ്റവും പുതിയ സുരക്ഷ സാങ്കേതിക സംവിധാനങ്ങളും പരീക്ഷിച്ചു -അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് അതോറിറ്റി 'അശ്ഗാൽ' നേതൃത്വത്തിൽ 62,000 വാഹന പാർക്കിങ്ങുകൾക്ക് സംവിധാനമൊരുക്കിയതായും, ഖത്തർ റെയിലിനു കീഴിൽ ദോഹ മെട്രോ മത്സര ദിവസത്തിൽ 1.70 ലക്ഷം ട്രിപ്പുകൾ വരെ സർവിസ് നടത്തിയതായും ട്രാൻസ്പോർട്ട് ഓപറേഷൻ ഡയറക്ടർ അബ്ദുൽ അസീസ് അലി അൽ മൗലവി പറഞ്ഞു. മത്സര ദിനങ്ങളിൽ 21 മണിക്കൂർ വരെ സർവിസ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു. മുവാസലാത്തിനു കീഴിൽ 1000 പുതിയ ബസുകൾ പുറത്തിറക്കിയപ്പോൾ, 13,500 ട്രിപ്പുകൾ വരെ സ്റ്റേഡിയത്തിലേക്കും തിരിച്ചും ഓടിയതായും അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.