ദോഹ: ഫിഫ അറബ് കപ്പ് കലാശപ്പോരാട്ടത്തിൽ ആരൊക്കെ ഏറ്റുമുട്ടും? അറേബ്യൻ കാൽപന്തുലോകം ആവേശത്തോടെ കാത്തിരുന്ന ചോദ്യത്തിന് ഇന്ന് ഖത്തറിെൻറ കളിയിടങ്ങൾ ഉത്തരം നൽകും. അറബ് കപ്പിെൻറ സെമി ഫൈനലിൽ വൈകീട്ട് ആറിന് റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974ൽ ഈജിപ്ത് തുനീഷ്യയെയും, രാത്രി 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ അൽജീരിയയെയും നേരിടും. ഇരു മത്സരങ്ങളിലെയും വിജയികളാവും പ്രഥമ ഫിഫ അറബ് കപ്പിെൻറ കിരീടം തേടി 18ന് രാത്രിയിൽ കളത്തിലിറങ്ങുക.
ഖത്തർ x അൽജീരിയ; തീപാറും സെമി
16 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച നാലു ടീമുകൾ തന്നെയാണ് സെമിയിൽ മുഖാമുഖം അണിനിരക്കുന്നത്. പോരാട്ടങ്ങളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് സെമി ഫൈനലുകൾ. ഗോളടിക്കാനും, തടയാനും കരുത്തരെന്ന് പേരുകേട്ടവരാണ് നാലുപേരും. ഏഷ്യയുടെ ഏകസാന്നിധ്യമായാണ് ആതിഥേയർ ബൂട്ടുകെട്ടുന്നതെങ്കിലും, ശേഷിച്ച മൂന്നു പേർ ആഫ്രിക്കൻ വൻകരയുടെ വേഗവും കരുത്തും ബൂട്ടുകളിൽ ആവാഹിച്ചവരാണ്. കളത്തിലും കടലാസിലും ആരും മോശക്കാരല്ല. പിന്നെ, ഭാഗ്യവും, ആർത്തലക്കുന്ന ഗാലറിയുമാവും കളിയുടെ ഭാഗഥേയം നിർണയിക്കുക. ഖത്തറും അൽജീരിയയും തമ്മിലെ മത്സരമാണ് പന്തുരുളും മുേമ്പ ട്രെൻഡിങ്ങായി മാറിയത്. ഫലപ്രവചനം അസാധ്യമായ സെമി പോരാട്ടം. ടൂർണമെൻറിൽ ഇരുവരുടെയും ട്രാക്ക് റെക്കോഡ് കണക്കിലെടുത്താൽ ബലാബലമാണ് കണക്കുകൾ. ഒരു കളി പോലും തോൽക്കാതെയും, എതിർ വലയിൽ ഗോളടിച്ചുകൂട്ടുന്നതിൽ പിശുക്ക് കാണിക്കാതെയുമാണ് ഖത്തറിെൻറ കുതിപ്പ്. ഏറ്റവും ഒടുവിൽ ക്വാർട്ടർ ഫൈനലിൽ യു.എ.ഇ ക്കെതിരെ നേടിയ 5-0ത്തിെൻറ ജയത്തോടെ ഏഷ്യൻ ചാമ്പ്യന്മാർ തങ്ങളുടെ മിടുക്ക് തെളിയിക്കുകയും ചെയ്തു.
ഗ്രൂപ് റൗണ്ടിൽ ഈജിപ്തിനെതിരെ സമനില വഴങ്ങിയതൊഴിച്ചാൽ കരുത്ത് തെളിയിച്ചാണ് അൽജീരിയയുടെയും വരവ്. മൊറോക്കോക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് നീണ്ട അങ്കത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയവുമായി സെമിയിലെത്തിയവർ മിന്നുന്ന ഫോമിലാണ് ആതിഥേയരായ ഖത്തറിനെ നേരിടുന്നത്. പരിക്കിെൻറ ആശങ്കകളൊന്നും ഖത്തറിനില്ല. ക്യാപ്റ്റൻ ഹസൻ ഹൈദോസിെൻറ നേതൃത്വത്തിൽ അക്രം അഫിഫി, അൽ മുഈസ് അലി, അബ്ദുൽ അസീസ് ഹാതിം, ഹുമാം അഹമ്മദ് എന്നിവരുടെ മുന്നേറ്റത്തിനൊപ്പം ബൗലം ഖൗഖി, അബ്ദുൽ കരീം ഹസൻ എന്നിവരുടെ പ്രതിരോധവും ശക്തമാണ്. അതേസമയം, പ്രസ് ഗെയിമിലൂടെ യു.എ.ഇയെ തരിപ്പണമാക്കിയ തന്ത്രം സ്പീഡ് ഗെയിമിനെ ആയുധമാക്കിയ അൽജീരിയക്കെതിരെ വിലപ്പോവുമോ എന്ന് കണ്ടറിയണം. സസ്പെൻഷൻ മാറി യാസിൻ തിത്രാവു തിരികെയെത്തുന്നത് മധ്യനിരക്കും കരുത്താവും. ഗോളടിച്ചുകൂട്ടുന്ന യാസിൻ ബ്രാഹിമി, ബഗ്ദാദ് ബൗനെജാ, യൂസുഫ് ബിലൈലി എന്നിവരാണ് പ്രധാനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.