ദോഹ: വിവിധ സാമ്പത്തിക സംരംഭങ്ങളിലൂടെ സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനുള്ള ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സ്വകാര്യമേഖലയെ പിന്തുണക്കുന്ന നിരവധി സാമ്പത്തിക സംരംഭങ്ങൾ തയാറാക്കാനും നടപ്പാക്കാനും നിർദേശിച്ച് ഖത്തർ മന്ത്രിസഭ യോഗം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച് മന്ത്രാലയങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയത്.
കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ സ്വകാര്യ മേഖലയെ പിന്തുണക്കാനായി അവതരിപ്പിച്ച നാഷനൽ റെസ്പോൺസ് ഗ്യാരന്റി പ്രോഗ്രാം (എൻ.ആർ.ജി.പി) ഉപയോഗപ്പെടുത്തിയ ഖത്തരി കമ്പനികൾക്കുള്ള വായ്പ എഴുതിത്തള്ളലുകളും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പ്രവർത്തന മൂലധനത്തിനായി മുമ്പ് എൻ.ആർ.ജി.പി ഉപയോഗപ്പെടുത്തിയ ഖത്തരി കമ്പനികൾക്ക് ഹ്രസ്വകാല ധനസഹായം അനുവദിക്കുന്നതിനുള്ള സംരംഭങ്ങളും നിർദേശിച്ചു.
കോവിഡ് മഹാമാരി തടയാൻ നടപ്പാക്കിയ നടപടികളുടെ ഫലമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ സ്വകാര്യമേഖല കമ്പനികളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് അമീറിന്റെ നിർദേശമെന്ന് മന്ത്രിസഭ വ്യക്തമാക്കി.
സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാനും അതുവഴി രാജ്യത്തിന്റെ സമഗ്ര വികസന കുതിപ്പ് ഉറപ്പാക്കാനുമുള്ള ദേശീയ വികസന നയത്തിന്റെ തുടർച്ചയാണ് ഈ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.