ദോഹ: ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് (എ.ഐ.ആർ) പ്രോഗ്രാമിന്റെ ഒമ്പതാമത് പതിപ്പിന് ഫയർ സ്റ്റേഷനിൽ തുടക്കം കുറിച്ചു. സെപ്റ്റംബർ 15ന് ആരംഭിച്ച പരിപാടി അടുത്ത വർഷം ജൂൺ 15 വരെ തുടരും. രാജ്യത്തെ കലാമികവ് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം നൽകിയ ലോകോത്തര ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമാണ് ഫയർ സ്റ്റേഷൻ മ്യൂസിയത്തിലെ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാം.
തിരഞ്ഞെടുത്ത കലാകാരന്മാർക്ക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം, പ്രൊഡക്ഷൻ സപ്പോർട്ട്, ക്യുറേറ്റോറിയൽ മാർഗനിർദേശം എന്നിവയാണ് ഒമ്പത് മാസം നീളുന്ന എ.ഐ.ആർ വാഗ്ദാനം ചെയ്യുന്നത്. പരിപാടിയുടെ സമാപനമായി ഫയർ സ്റ്റേഷനിലെ ഗാരേജ് ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം നൽകും.
ഖത്തറിലെ വളർന്നുവരുന്ന കലാപ്രതിഭകളെ ശാക്തീകരിക്കുന്നതിലും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും ഏറെ പാരമ്പര്യമുള്ള സംരംഭമാണ് ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാം.
2024 ഫെബ്രുവരി 11നും ഏപ്രിൽ 14നും ഇടയിൽ നടന്ന ഓപൺ കോളിലൂടെയാണ് 140 അപേക്ഷകരിൽനിന്ന് 15 കലാകാരന്മാരെ തിരഞ്ഞെടുത്തത്. എല്ലാ തവണയും കലാപരമായ കഴിവുകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ സൃഷ്ടിക്കാൻ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ടെന്ന് ഫയർ സ്റ്റേഷൻ പ്രോഗ്രാംസ്, എക്സിബിഷൻ വിഭാഗം ഡയറക്ടർ സഈദ അൽ ഖുലൈഫി പറഞ്ഞു. വിഷ്വൽ ആർട്സ്, ഫോട്ടോഗ്രഫി, ഫിലിം, സൗണ്ട് ആർട്ട്, ഡിസൈൻ തുടങ്ങിയ മേഖലകളിൽ തിളങ്ങുന്ന കലാകാരന്മാർക്കാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.