ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന പ്രഥമ ഖത്തർ ബോട്ട് ഷോവിന് ദോഹ പഴയ തുറമുഖം വേദിയാകും. 495 പ്രദർശകരും ആഗോള ബ്രാൻഡുകളും സമുദ്ര യാത്രാരംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും ആഡംബരവും പ്രദർശിപ്പിക്കുന്ന ഖത്തർ ബോട്ട് ഷോ നവംബർ ആറുമുതൽ ഒമ്പതുവരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദോഹ തുറമുഖത്തിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെയും ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെയും ഭാഗമായാണ് ‘ഖത്തർ ബോട്ട് ഷോ 2024’ന് നവംബറിൽ വേദിയൊരുക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
സാമ്പത്തിക മികവും വിനോദ സഞ്ചാര വികസനവും ലക്ഷ്യമിട്ടാണ് വേറിട്ട പ്രദർശനമെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കടൽയാത്രാ വിനോദ മേഖലയിലെ അത്ഭുതകാഴ്ചകളുടെ സംഗമമായാവും ബോട്ട് ഷോ എത്തുന്നത്. ബോട്ട് ഷോയിൽ കരയിലും കടലിലുമായി 95ഓളം ബോട്ടുകളും വാട്ടർക്രാഫ്റ്റുകളും പ്രദർശിപ്പിക്കും. ആഡംബര നൗകകൾ, അനുബന്ധ ഉപകരണങ്ങൾ, സജ്ജീകരണങ്ങൾ, ചെറുതും വലുതുമായ വ്യത്യസ്ത ബോട്ടുകൾ, സമുദ്രാന്തർ കായിക ബോട്ടുകൾ, ടോയ്സ് തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് പ്രദർശനം. ഇതോടൊപ്പം, പാചക വൈവിധ്യങ്ങൾ, വിനോദങ്ങൾ എന്നിവയും ഉൾപ്പെടുത്തും. സാമ്പത്തിക വളർച്ചയെ വൈവിധ്യവത്കരിക്കുക, ടൂറിസം ശക്തമാക്കുക എന്ന ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് സമുദ്രയാത്ര, ആഡംബര വിഭാഗങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബാളിൽ രാജ്യത്തിന്റെ പ്രധാന കവാടമായും, കാണികൾക്ക് വേറിട്ട താമസത്തിന് വേദിയൊരുക്കിയും ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ദോഹ പോർട്ട് മാറിയിരുന്നു.
ലോകകപ്പ് വേളയിൽ കാണികൾക്കായി ക്രൂസ് കപ്പലുകൾ, 20 സൂപ്പർ യാട്ടുകൾ എന്നിവക്ക് ദോഹ പോർട്ട് ആതിഥ്യമൊരുക്കി. പ്രതിവർഷം മൂന്ന് ലക്ഷത്തോളം സഞ്ചാരികളാണ് ക്രൂസ് കപ്പലുകളിൽ സഞ്ചാരികളായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.