ദോഹ: രാജ്യത്തെ മത്സ്യബന്ധന തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. അൽ വക്റ, അൽഖോർ, റുവൈസ് മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും അൽ ദഖീറയിലെ ഫിഷിങ് ഹാർബർ നിർമാണവും ഉൾപ്പെടെയാണ് വികസന പദ്ധതികൾ.
അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സ്യബന്ധന കപ്പലുകൾക്കും ബോട്ടുകൾക്കും നങ്കൂരമിടാനുള്ള സൗകര്യവും ഇതോടൊപ്പം പ്രവർത്തന സജ്ജമാകുമെന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം വെബ്സൈറ്റിലൂടെ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ മത്സ്യബന്ധന മേഖലയുെടയും മത്സ്യബന്ധന കപ്പലുകളുടെയും ബോട്ടുകളുടെയും ഉൽപാദന ക്ഷമത വർധിപ്പിക്കാനും രാജ്യത്തിെൻറ മത്സ്യ ഉൽപന്നങ്ങളുടെ ഗുണമേന്മ നിലനിർത്താനും സാധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മേധാവി അബ്ദുൽഅസീസ് മുഹമ്മദ് അൽ ദിഹൈമി പറഞ്ഞു. മത്സ്യബന്ധന തുറമുഖങ്ങൾ, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ മത്സ്യബന്ധന ജീവനക്കാർക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും അബ്ദുൽ അസീസ് മുഹമ്മദ് അൽ ദിഹൈമി കൂട്ടിച്ചേർത്തു.
ദീർഘകാലമായി തുടരുന്ന മത്സ്യബന്ധന തുറമുഖങ്ങളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായെന്നും അൽഖോർ, അൽവക്റ, ദഖീറ മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നൂറുശതമാനം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. റുവൈസ് തുറമുഖ വികസന പ്രവർത്തനം 95 ശതമാനം പൂർത്തിയായതായും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ വികസന തന്ത്രപ്രധാന പദ്ധതി 2018-22ലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് രാജ്യത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസന പദ്ധതികളെന്നും 2019 തുടക്കത്തിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
േഫ്ലാട്ടിങ് ബെർത്തുകളുടെ നിർമാണം തുറമുഖങ്ങളിലെ കപ്പലുകളുടെയും ബോട്ടുകളുടെയും തിരക്ക് കുറക്കുന്നതിൽ വലിയ പങ്കു വഹിക്കും. അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള മുന്നറിയിപ്പ് സംവിധാനം, അഗ്നിശമന സംവിധാനം, നിരീക്ഷണ കാമറകൾ, ബോട്ട് ലാൻഡിങ് സ്ലിപ്പുകൾ, പെേട്രാൾ സ്റ്റേഷനുകൾ, അഡ്മിൻ ഓഫിസുകൾ എന്നിവയും വികസന പദ്ധതികളിൽ ഉൾപ്പെടും. ദഖീറയിൽ ബോട്ടുകൾക്കായി 69 പാർക്കിങ് പോയൻറുകളും കപ്പലുകൾക്കായി മൂന്നു കേന്ദ്രങ്ങളും നിർമിച്ചിട്ടുണ്ട്.
കപ്പലുകൾക്കും ബോട്ടുകൾക്കുമായി അൽഖോർ തുറമുഖത്ത് 208 പാർക്കിങ് കേന്ദ്രങ്ങളും വക്റയിൽ 368 കേന്ദ്രങ്ങളും റുവൈസ് തുറമുഖത്ത് 233 കേന്ദ്രങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.