വേണം ഖത്തറിലേക്ക്​ വിമാനം, സംയുക്തനീക്കവുമായി പ്രവാസി സംഘടനകൾ

ദോഹ: ഖത്തറിലേക്ക്​ തിരിച്ചുവരാൻ ഇന്ത്യക്കാർക്ക്​ അനുമതി ലഭിച്ച സാഹചര്യത്തിൽ മടങ്ങിവരാൻ ആവശ്യമായ വിമാനങ്ങളൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തറിലെ പ്രവാസി സംഘടനകൾ സംയുക്തനീക്കത്തിന്​. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക്​ ഇന്ത്യൻ സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടിയ സാഹചര്യത്തിൽ ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്​ പ്രതിസന്ധിയിലായിരിക്കുകയാണ്​. സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യ അനുവദിക്കുകയാണ്​ ഏറ്റവും നല്ല മാർഗം. നിലവിലെ സാഹചര്യത്തിൽ അതിന്​ കഴിയില്ലെങ്കിൽ ഇന്ത്യയും ഖത്തറും പ്രത്യേക കരാറിൽ ഏർപ്പെട്ട്​ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ഇതിനകം യു.എ.ഇ, കുവൈത്ത്​ രാജ്യങ്ങൾ ഇത്തരത്തിൽ സംവിധാനമൊരുക്കി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നുണ്ട്​. എന്നാൽ, ഖത്തറിൽ ഇത്തരം സംവിധാനങ്ങൾ ഇതുവരെ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ്​ വിവിധ പ്രവാസി സംഘടനകൾ കഴിഞ്ഞ ദിവസം യോഗം ചേർന്നത്​. കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരടക്കം ഖത്തറിൽ തിരികെയെത്തിയിട്ടുണ്ട്​. വ​ന്ദേ ഭാരത്​ പദ്ധതിയിൽ ഖത്തറിലേക്ക്​ വരുന്ന വിമാനങ്ങളിലായിരുന്നു ഇത്​. ഹമദ്​ മെഡിക്കൽ കോർപറേഷൻ വിമാന കമ്പനികളുമായി നേരിട്ട്​ ബന്ധപ്പെട്ടാണ്​ ഇതിന്​ സൗകര്യമൊരുക്കിയിരുന്നത്​. ഇത്തരം വിമാനങ്ങളിൽ ആരോഗ്യപ്രവർത്തകർ അല്ലാത്ത ചിലരും ഖത്തറിൽ തിരിച്ചെത്തിയിരുന്നു.

എന്നാൽ, വന്ദേ ഭാരത്​ വിമാനങ്ങളിൽ ഖത്തറിൽ എത്താൻ ശ്രമിക്കരുതെന്ന്​ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു. ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശങ്ങളി​ലുള്ള പ്രവാസികൾക്ക്​ തിരിച്ചെത്താൻ ഖത്തർ അനുമതി നൽകിയിട്ടുണ്ട്​. പ്രത്യേക എൻട്രി പെർമിറ്റ്​ എടുത്തവർക്ക്​ തിരിച്ചെത്താൻ കഴിയും. നിലവിൽ ഖത്തറിൽനിന്ന്​ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വന്ദേ ഭാരത്​ പദ്ധതിക്ക്​ കീഴിൽ വിമാനങ്ങൾ നാട്ടിൽനിന്ന്​ വരുന്നുണ്ട്​. ഈ വിമാനങ്ങളിൽ ഖത്തറിലേക്കുള്ള ടിക്കറ്റ്​ ബുക്കിങ്​ ഇൻഡിഗോയും എയർഇന്ത്യയും തുടങ്ങിയിരുന്നു​. എന്നാൽ, ഇത്തരത്തിൽ വന്ദേ ഭാരത്​ വിമാനങ്ങളിൽ സാധാരണ യാത്രക്കാർക്ക്​ മടങ്ങിയെത്താൻ ഔദ്യോഗിക അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൗ സാഹചര്യത്തിലാണ്​ ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തുവന്നത്. നാട്ടിൽ കുടുങ്ങിയ, ഖത്തറിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഖത്തരി വിസയുള്ളവർക്കായി പ്രത്യേക യാ​ത്രസംവിധാനമൊരുക്കുന്നത് ആലോചനയിലാണെന്നും​ എംബസി അറിയിച്ചിരുന്നു. ഉറപ്പില്ലാത്ത യാത്രക്കായി വന്ദേ ഭാരത്​ വിമാനങ്ങളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യരുത്​. ഔദ്യോഗിക വിവരങ്ങളെ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂവെന്നും എംബസി പറയുന്നു.

അതേസമയം, കോവിഡ് പ്രതിസന്ധിയിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവർക്ക്​​ താമസ വിസയുടെ കാലാവധി കഴിഞ്ഞയിനത്തിലുള്ള​ ഫീസ്​ വേണ്ടെന്ന്​ ഖത്തർ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്​ ആശ്വാസമായിട്ടുണ്ട്​. ഇത്തരം വിദേശികളെ റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽനിന്ന്​ ഒഴിവാക്കി.കോവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്ന സ്ഥിതിയാണ്​. ഗൾഫ് ​രാജ്യങ്ങൾ വിസ കാലാവധി സംബന്ധിച്ച്​ ഇളവ്​ നൽകിയിട്ടുണ്ട്​. എന്നാൽ, പ്രവാസികളുടെ മടങ്ങിവരവിന്​ തങ്ങൾ അനുമതി നൽകിയ സ്ഥിതിക്ക്​ ഇനി അത്തരം ഇളവുകൾ ഗൾഫ്​ രാജ്യങ്ങൾ തുടരാൻ സാധ്യതയില്ല.

പ്രവാസികൾ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്​ടപ്പെടാനും സാധ്യതയുണ്ട്​. ഇതുവരെ കോവിഡ്​ പ്രതിസന്ധിയിൽ വിവിധ കമ്പനികളും ഇളവുനൽകിയിരുന്നു.വിവിധ സംഘടനകളും മറ്റും നാട്ടിൽനിന്ന്​ ചാർട്ടേഡ് വിമാന സർവിസുകൾക്ക്​ ശ്രമം നടത്തുന്നുണ്ട്​. ഇത്​ ഏറെ ശ്രമകരമായ ദൗത്യമാണ്​. യാത്രക്കാരൻ കൂടുതൽ ചാർജ് നൽകേണ്ടിയും വരും. കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ വിമാനകമ്പനികൾ റീഫണ്ട് ചെയ്തിട്ടില്ല. പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് നൽകിയത്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ വന്ദേ ഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യേണ്ടിവന്നാൽ വീണ്ടും ടിക്കറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാകും.

ഇന്ത്യക്കാരുടെ മടക്കം വൈകൽ; പ്രശ്​നങ്ങൾ പങ്കുവെച്ച്​ സംഘടനകൾ

പ്രവാസികൾക്ക് ഖത്തറിലെ ജോലിസ്ഥലത്തേക്കും മറ്റും തിരികെവരാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാത്ത സാഹചര്യം നിരവധി പ്രതിസന്ധികളാണ്​ സൃഷ്​ടിക്കുന്നതെന്ന്​ പ്രവാസി സംഘടനകളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. ജോലിനഷ്​ടം ഉൾപ്പെടെ ധാരാളം പ്രയാസങ്ങളാണ്​ നിലവിലെ സാഹചര്യത്തിൽ ഉണ്ടാകുന്നതെന്ന്​ ഖത്തറിലെ അപ്പക്സ് ബോഡി അധ്യക്ഷന്മാർ, നോർക്ക ഡയറക്ടർ, പ്രമുഖ സംഘടന നേതാക്കൾ എന്നിവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽനിന്ന് വിമാന സർവിസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) ആണ്​ ഓൺലൈൻ യോഗം നടത്തിയത്​.

തൊഴിലിനായി വരുന്നവർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനാവശ്യമായ രൂപത്തിൽ വന്ദേ ഭാരത് മാതൃകയിലോ ചാർട്ടർ വിമാന സൗകര്യങ്ങളോ ഈ സാഹചര്യത്തിൽ ഏർപ്പെടുത്തണം.തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിലുടമകളെ ലഭ്യമാക്കൽ, പലരുടെയും കുടുംബാംഗങ്ങൾ രണ്ടിടങ്ങളിലായ പ്രയാസങ്ങൾ, അടുത്ത് തന്നെ സ്കൂളുകൾ തുറക്കുന്ന സാഹചര്യം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം വിലയിരുത്തി. മടങ്ങിവരുന്നവർക്ക്​ കുറഞ്ഞ ചെലവിൽ ക്വാറൻറീൻ സൗകര്യം ലഭ്യമാക്കൽ, കോവിഡ് പരിശോധന അനായാസകരമായും ആദായത്തിലും നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു.

കോവിഡിനുമുമ്പ് എടുത്ത വിമാന ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിച്ചിട്ടില്ല. മുമ്പ് എടുത്ത ടിക്കറ്റുകൾ വന്ദേ ഭാരത്, ചാർട്ടർ വിമാനങ്ങൾ എന്നിവയുടെ യാത്രക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്​. ഇത്തരം സാഹചര്യങ്ങൾമൂലം ഈ ദുരിതകാലത്തും കോടികളുടെ നഷ്​ടമാണ് പ്രവാസികൾക്ക് ഉണ്ടാവാൻ പോവുന്നതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.പ്രവാസികളുടെ യാത്ര വേഗത്തിൽ നടക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഉഭയകക്ഷി കരാർ ഉണ്ടാക്കാനുള്ള നടപടികൾ വേഗത്തിലാവണം. ഉചിതമായ നടപടികൾ എടുക്കണമെന്ന് അഭ്യർഥിച്ച്​ ഇന്ത്യൻ എംബസി, കേന്ദ്ര-കേരള സർക്കാറുകൾക്ക് നിവേദനം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

ഗപാഖ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. അബ്​ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. ഐ.സി.സി പ്രസിഡൻറ്​ മണികണ്ഠൻ ഉദ്ഘാടനം ചെയ്​തു. ഐ.സി.ബി.എഫ് പ്രസിഡൻറ്​ പി.എൻ. ബാബു രാജൻ, നോർക്ക ഡയറക്ടർ സി.വി. റപ്പായി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം കെ. മുഹമ്മദ് ഈസ, എം.പി. ഷാഫി ഹാജി, പ്രമുഖ സംഘടനകളെ പ്രതിനിധാനം ചെയ്​ത്​ റഈസ് വയനാട് (കെ.എം.സി.സി), സമീർ ഏറാമല (ഇൻകാസ്), എ. സുനിൽ കുമാർ (സംസ്കൃതി), കെ.ആർ. ജയരാജ് (കെ.ബി.എഫ്), ബഷീർ ചേന്ദമംഗലൂർ (കൾചറൽ ഫോറം), മുസ്തഫ (തൃശൂർ ജില്ല സൗഹൃദവേദി), പ്രദീപ് കുമാർ (തിരുവനന്തപുരം ഇൻറർനാഷനൽ എയർപോർട്ട് യൂസേഴ്സ് ഫോറം ഖത്തർ), കരീം ഹാജി (ഐ.സി.എഫ്), വിനോദ് (കുവാഖ്), അബ്​ദുൽ സലാം (എഡ്മാഖ്), ഗഫൂർ കോഴിക്കോട് (കെ.പി.എ.ക്യു), അബ്​ദുൽ ലത്തീഫ് ഫറോക്ക് (ചാലിയാർ ദോഹ), അഡ്വ. സുനിൽ കുമാർ (ഫോക്​ കോഴിക്കോട്), റഹ്മത്തുല്ല (ടി.ആർ.എ.ജി.എസ്​ തിരുവനന്തപുരം), മശ്ഹൂദ് തിരുത്തിയാട് (പ്രവാസി കോഒാഡിനേഷൻ), അമീൻ കൊടിയത്തൂർ (മാക് കോഴിക്കോട്), അർളയിൽ അഹമ്മദ് കുട്ടി, അൻവർ സാദത്ത്, ശാഫി മൂഴിക്കൽ, അബ്​ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഷാനവാസ് ബേപ്പൂർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.