ദോഹ: ഗൾഫ് മേഖലകളിലേക്കുള്ള അനിയന്ത്രിത വിമാനയാത്രാകൂലി വർധനയിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവർത്തിച്ചതിനു പിന്നാലെ, നിയമനടപടികൾക്ക് തുടക്കംകുറിച്ച് പ്രവാസി കൂട്ടായ്മ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഖത്തറിൽനിന്നുള്ള ‘ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ’ (ഗപാഖ്) നേതൃത്വത്തിൽ കേരള ഹൈകോടതിയെ സമീപിച്ചു.
‘ഗപാഖ്’ ഓർഗനൈസിങ് സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് അഡ്വ. അലക്സ് കെ. ജോൺ മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. ഷാർജയിലെ വ്യവസായി സജി ചെറിയാൻ, ദിനേഷ് ചന്ദന എന്നിവരും കേസിൽ കക്ഷി ചേർന്നു. ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈകോടതിയെ സമീപിച്ചത്.
ടിക്കറ്റ് നിരക്കു നിശ്ചയിക്കാൻ എയർലൈൻ കമ്പനികൾക്ക് പൂർണ അധികാരം നൽകിയ കേന്ദ്ര സർക്കാറും വ്യോമയാന മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെടില്ലെന്ന് ആവർത്തിക്കുകയാണ്. എന്നാൽ, വ്യക്തമായ ഒരു ന്യായീകരണവുമില്ലാതെ എയർലൈൻ കമ്പനികൾ ഇഷ്ടാനുസരണം ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് പ്രവാസി യാത്രക്കാർക്ക് കടുത്ത ആഘാതമായി മാറുന്നുവെന്ന് പരാതിക്കാർ ബോധിപ്പിക്കുന്നു. ആവശ്യമായ ഇടപെടലിനും നിരീക്ഷണത്തിനും കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും ടിക്കറ്റ് നിരക്ക് വർധനക്ക് മാനദണ്ഡം നിശ്ചയിക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെടുന്നു.
വേനലവധിക്കാലം, പെരുന്നാൾ, ഓണം ഉൾപ്പെടെ ആഘോഷവേളകൾ തുടങ്ങിയ തിരക്കേറുന്ന സീസണുകളിൽ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻപോലും കഴിയാത്ത വിമാനനിരക്ക് വർധനക്കെതിരെ ഗൾഫ് രാജ്യത്തെ മുറവിളി വർഷങ്ങളായി തുടരുന്നതാണ്. വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി പലതവണ രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായിട്ടില്ല. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർ വഴി നിരവധി ഇടപെടൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാർലമെന്റ് അംഗങ്ങളായ അടൂർ പ്രകാശും എ.എം. ആരിഫും ജൂലൈ മാസത്തിൽ ഈ വിഷയം ഉന്നയിച്ച് വ്യോമയാന മന്ത്രിമാർക്ക് കത്തെഴുതിയെങ്കിലും കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന് വ്യക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാന സഹമന്ത്രി വി.കെ. സിങ് ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ‘ഗപാഖ്’ നേതൃത്വത്തിൽ നിയമനടപടി എന്ന വഴി സ്വീകരിച്ചത്. എയർപോർട്ട് കൗൺസിലിന്റെ പഠനറിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വ്യോമഗതാഗത മേഖലയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ഇന്ത്യൻ റൂട്ടുകളിലാണെന്നാണ് പരാമർശം. ഗൾഫിലെ സ്കൂൾ വേനലവധിയും ബലിപെരുന്നാളും എത്തിയ ജൂൺ രണ്ടാം വാരത്തിൽ ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് 50,000 രൂപക്കു മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.