ദോഹ: രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളെ തരം തിരിച്ച് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പങ്കാളികളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഖത്തറിൽ മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2022ൽ രാജ്യത്തെ ഭക്ഷ്യസുരക്ഷ സ്ഥാപനങ്ങൾക്കായി ആരംഭിച്ച വാഥിഖ് ഇലക്ട്രോണിക് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യസ്ഥാപനങ്ങളെ തരം തിരിച്ച് ക്രമീകരിക്കുന്നത്. സ്ഥാപനങ്ങളുടെ മികവും പ്രവർത്തനവും നോക്കിയാണ് തരം തിരിക്കുക.
ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളെ വർഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിൽപശാല സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പരിഗണിച്ച് നിർദേശങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ശിൽപശാല ചർച്ച ചെയ്തു.
ഖത്തറിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ശിൽപശാല സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വിഭാഗം മേധാവി വസാൻ അബ്ദുല്ല അൽ ബാക്കിർ പറഞ്ഞു. ശിൽപശാലയിൽ ഭക്ഷ്യസ്ഥാപനങ്ങളെ വർഗീകരിക്കൽ ഘട്ടങ്ങളും അവ നടപ്പാക്കൽ രീതികളും ഉൾപ്പെടെയുള്ള വിശദീകരണം പരിസ്ഥിതി ആരോഗ്യ വിഭാഗം തലവൻ മുബാറക് അൽ നഈമി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.