ദോഹ: ഖത്തറിലെ സ്കൂളുകൾ വ്യാഴാഴ്ചയോടെ വേനലവധിയിലേക്ക് പ്രവേശിക്കുകയാണ്. രണ്ടുമാസത്തിലേറെ നീളുന്ന അവധിക്കാലവും, ഒപ്പം മാസാവസാനം പെരുന്നാളുമെത്തുന്നതോടെ പ്രവാസികളും സ്വദേശികളുമായി യാത്രക്കാരുടെ എണ്ണം വർധിക്കുകയായി. അവധിക്കാലം നാട്ടിൽ ആസ്വദിക്കാൻ ഒരുങ്ങിപ്പുറപ്പെടുന്ന മലയാളികൾ ഉൾപ്പെടെ പ്രവാസികളും ഖത്തറിലെ ചൂട് കൂടി കണക്കിലെടുത്ത് യൂറോപ്പിലേക്കും മറ്റുമായി അവധി ആസ്വദിക്കാൻ സ്വദേശികളും പുറപ്പെടാൻ ഒരുങ്ങുമ്പോൾ വിമാനത്താവളങ്ങൾ വലിയ തിരക്കായിരിക്കും കാത്തിരിക്കുന്നത്. ഒരേസമയം, ആയിരങ്ങൾ യാത്രക്കൊരുങ്ങുമ്പോൾ തിരക്കൊഴിവാക്കാനും യാത്ര സുഖകരമാക്കാനുമുള്ള നിർദേശങ്ങൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ നൽകുന്നു.
ജൂൺ 15 മുതൽ ജൂലൈ 10 വരെ തുടരുന്ന അവധിക്കാലത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നതിന് യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഹമദ് വിമാനത്താവളം വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ് സംവിധാനം എല്ലാവർക്കും ലഭ്യമായിരിക്കും. ജൂൺ 15 മുതൽ ജൂൺ 30 വരെ ആദ്യത്തെ ഒരു മണിക്കൂർ സൗജന്യമായിരിക്കും.
അതിനുശേഷം സ്റ്റാൻഡേർഡ് പാർക്കിങ് നിരക്കുകൾ ബാധകമായിരിക്കും. കൂടാതെ, ജൂലൈ ആറ് മുതൽ 10 വരെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ എട്ടു വരെയും വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയും രാത്രി 10.30 മുതൽ പുലർച്ചെ 2.30 വരെയും ഹ്രസ്വകാല പാർക്കിങ്ങിൽ ആദ്യ 60 മിനിറ്റ് സൗജന്യമായിരിക്കുമെന്നും ഹമദ് വിമാനത്താവളം വ്യക്തമാക്കി.
പിക്-അപ്, ഡ്രോപ് ഓഫിനുമായി ഡ്രൈവർമാർ ഹ്രസ്വകാല പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും കർബ്സൈഡിൽ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്തിടരുതെന്നും എച്ച്.ഐ.എ നിർദേശിക്കുന്നു. പുറപ്പെടുന്നവർക്കും രാജ്യത്തെത്തുന്ന യാത്രക്കാർക്കും മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും ലഭ്യമായിരിക്കും.
വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരാനും വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി. ജൂൺ 15 മുതൽ 30 വരെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കൊഴികെ മറ്റു സ്ഥലങ്ങളിലേക്ക് ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്നവർക്ക് വെർട്ടിക്കൽ സർക്കുലേഷൻ നോഡിൽ (വി.സി.എൻ) സ്ഥിതി ചെയ്യുന്ന 11ാം നമ്പർ വരിയിൽ ചെക്ക്-ഇൻ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് മുതൽ നാലു മണിക്കൂർ വരെയാണ് ഈ സൗകര്യമുണ്ടായിരിക്കുക.
ഖത്തർ എയർവേയ്സ് വിമാനം വഴിയുള്ള ഹജ്ജ് തീർഥാടകർക്കായി ആറാം നമ്പർ ചെക്ക്-ഇൻ പ്രത്യേകം സജ്ജീകരിച്ചതായി എച്ച്.ഐ.എ വ്യക്തമാക്കി. അതേസമയം, ഹജ്ജ് തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തുന്നവർ അവരുടെ വിമാനകമ്പനികളുടെ പ്രത്യേക അനുമതിയില്ലെങ്കിൽ അഞ്ച് ലിറ്ററിൽ കൂടുതൽ സംസം വെള്ളം കൈയിൽ കരുതരുതെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് സെൽഫ് സർവിസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഇതിലൂടെ യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്യാനും സാധിക്കും. ബാഗ് മുഴുവനായും പൊതിയാനുള്ള സൗകര്യവും ഇവിടെയുണ്ട്.
18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ചു തന്നെ ഇ-ഗേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇ ഗേറ്റ് ഉപയോഗപ്പെടുത്തി എമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ ഇതു വഴി കഴിയും.
യാത്ര പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുമ്പ് ചെക്ക്-ഇൻ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും യാത്രക്കാരെ ഓർമിപ്പിച്ചു. സുരക്ഷ പരിശോധനയിൽ ദ്രാവകങ്ങൾ, എയറോസോൾ, ജെൽ തുടങ്ങിയ നിരോധിത വസ്തുക്കൾ കൈവശം വെക്കുന്നില്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. 100 മില്ലിയിലോ അതിൽ കുറവോ ഉള്ള ദ്രാവക പദാർഥങ്ങൾ സുതാര്യവും വീണ്ടും സീൽ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗിൽ പാക്ക് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധന സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗുകളിൽ നിന്ന് പുറത്തെടുത്ത് ട്രേകളിലാണ് പരിശോധനക്കായി മാറ്റേണ്ടത്. അതേസമയം, ലിഥിയം ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോവർബോർഡുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.