ദോഹ: രാജ്യത്തെ നാല് ബാങ്കുകളിൽ വിദേശ നിക്ഷേപത്തിന് അനുമതി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി), ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യു.ഐ.ബി), മസ്റഫ് അൽ റയ്യാൻ, കമേഴ്സ്യൽ ബാങ്ക് എന്നീ രാജ്യത്തെ നാലു മുൻനിര ബാങ്കുകളിലാണ് നൂറുശതമാനം വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നൽകുന്ന കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകിയത്. അതേസമയം, രാജ്യത്തെ മറ്റ് ബാങ്കുകളിൽ നേരത്തേയുള്ള സ്ഥിതി തുടരും.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്കും വികാസത്തിനുമായി പുതിയ അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. ഖത്തർ റിയൽ എസ്റ്റേറ്റ് വിപണിയിലെ വിവരങ്ങൾ ശേഖരിക്കുന്നതിനും പരസ്പരം കൈമാറുന്നതിനുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളും അതു മറികടക്കുന്നതിനുള്ള മാർഗങ്ങളുമുൾപ്പെടുത്തിയുള്ള പ്രത്യേക പ്രസേൻറഷൻ മുനിസിപ്പാലിറ്റി മന്ത്രി മന്ത്രിസഭക്ക് മുമ്പാകെ അവതരിപ്പിച്ചു. സ്ഥിരം ജനസംഖ്യാ സമിതി പുനഃസംഘടിപ്പിക്കുന്നതിെൻറ ഭാഗമായുള്ള 2009ലെ 11ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് പ്രമേയത്തിനും അംഗീകാരം നൽകി. അറബ് രാജ്യങ്ങളെ ഉൾപ്പെടുത്തി പ്രഥമ ഫിഫ അറബ് കപ്പ് സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനിക്കുെന്നന്നും അറബ് സാഹോദര്യത്തെയും ഐക്യദാർഢ്യത്തെയുമാണ് ടൂർണമെൻറ് അടയാളപ്പെടുത്തുന്നതെന്നും മന്ത്രിസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.