ദോഹ: പുൽമേട്ടിലൂടെ വാഹനമോടിച്ച് സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടംവരുത്തിയ നാലുപേർക്കെതിരെ നടപടിയെടുത്തു.
സിമന്റ് മിക്സർ, ടാങ്കർ, മണ്ണുമാന്തിയന്ത്രം, ട്രക്ക് എന്നീ നാലു വാഹനങ്ങളാണ് പുൽമേട്ടിലൂടെ ഓടിച്ച് പച്ചപ്പുനശിപ്പിച്ചും ചളിക്കുളമാക്കിയും നിയമം ലംഘിച്ചത്. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇൻസ്പെക്ടർമാർ നാല് വാഹനങ്ങളും പിടിച്ചെടുത്തു. നാല് വാഹനങ്ങളുടെയും ചിത്രങ്ങൾ മന്ത്രാലയം ട്വീറ്റിലൂടെ പങ്കുവെച്ചു. ‘വന്യ പ്രദേശങ്ങളിലെ പുൽമേട്ടിൽ പ്രവേശിച്ചതിനും പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്തിയതിനും വന്യജീവി വികസന വകുപ്പിലെ വന്യജീവി പുനരധിവാസ യൂനിറ്റ് ഇൻസ്പെക്ടർമാർ നാല് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്’ -ഇവർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ വ്യക്തമാക്കി.
ക്യാമ്പിങ് ഏരിയകൾ സന്ദർശിക്കുന്ന ഹെവി വെഹിക്കിൾ ഡ്രൈവർമാരും ക്യാമ്പർമാരും തങ്ങളുടെ വാഹനങ്ങൾ പുൽമേടുകളിലേക്കും പച്ചക്കറി പരപ്പുകളിലേക്കും ഓടിക്കരുതെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനും ഖത്തറിന്റെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വാഹനമോടിക്കുന്നവർ റോഡുകളും നിർദിഷ്ട പാതകളും ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.