ദോഹ: ഓണത്തെ തനിമ ചോരാതെ പ്രവാസ മണ്ണിൽ പുനരവതരിപ്പിച്ച് ഖത്തർ സംസ്കൃതി. വിഭവസമൃദ്ധമായ ഓണസദ്യയും മാവേലിയും ഓണക്കളികളും പൂവും പൂക്കളവും പുലികളിയും പൂതനും തെയ്യവും ചെണ്ടമേളവും തിമിർത്താടിയ സംസ്കൃതി ഓണോത്സവം നവ്യാനുഭവമായി. പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ രണ്ടായിരത്തോളം പ്രവാസികൾ പങ്കുചേർന്നു.
സംസ്കൃതി കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കനൽ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകൾ, നാടൻ കോഴി, താറാവ്, വാഴക്കുല, ചാക്ക് അരി, തുടങ്ങിയവയുടെ രസകരമായ ലേലം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികൾ സംസ്കൃതി ഓണോത്സവത്തിന് കൊഴുപ്പേകി. രാവിലെ എട്ടു മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾ വടംവലിയും ഘോഷയാത്രയുമായി രാത്രി ഏഴുവരെ നീണ്ടു. ഇന്ത്യൻ അംബാസഡർ വിപുൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷനായി. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ എ. കാവിൽ സ്വാഗതവും നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് അബ്ദുൽ റഹ്മാൻ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, സംസ്കൃതി വനിത വേദി പ്രസിഡന്റ് പ്രതിഭ രതീഷ് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീനാഥ് നന്ദി പറഞ്ഞു.സംസ്കൃതി ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ, സംസ്കൃതി വനിത വേദി തുടങ്ങി സംസ്കൃതിയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.