ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴവർഗങ്ങളുടെ വിപുല ശേഖരവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഫ്രൂട്ട് എക്സോട്ടിക’ പ്രമോഷന് തുടക്കമായി. അൽ ഗറാഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ ചേർന്ന് ഡിസംബർ 13 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പെറു അംബാസഡർ ജോസ് ബെൻസാക്വിൻ പെരേ, ഇന്തോനേഷ്യൻ അംബാസഡർ റിദ്വാൻ ഹസൻ, എക്വഡോർ അംബാസഡർ പാസ്ക്വൽ ഡെൽ സിയോപ്പോ, ശ്രീലങ്കൻ അംബാസഡർ മുഹമ്മദ് മഫാസ് മുഹിദ്ദീൻ, ദക്ഷിണാഫ്രിക്കൻ അംബാസഡർ ഗുലാം ഹുസൈൻ അസ്മൽ, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗം മുബാറക് ഫെറൈഷ് സാലിം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ, വിയറ്റ്നാം, സ്പെയിൻ എംബസി ഉദ്യോഗസ്ഥരും ഇറ്റാലിയൻ ട്രേഡ് ഏജൻസി പ്രതിനിധികളും ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. ഡുറിയാൻ, മാങ്കോസ്റ്റിൻ, കിവാനോ, ക്രാൻബെറി, റെഡ്കറന്റ്, റംബുട്ടാൻ, യെല്ലോ ഡ്രാഗൺ ഫ്രൂട്ട്, റെഡ് ഡ്രാഗൺ ഫ്രൂട്ട്, ചെറി, കൊക്കോ, പാഷൻ ഫ്രൂട്ട് തുടങ്ങി ലോകത്തിലെ വിവിധ ഭൂപ്രദേശങ്ങളിൽ നിന്നുള്ള സവിശേഷമായ പഴവർഗങ്ങളുടെ അതുല്യമായ ശേഖരമാണ് ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചത്.
കൊളംബിയ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ, സ്പെയിൻ, വിയറ്റ്നാം, പെറു, ഇറ്റലി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങളാണ് ഒരുക്കിയത്. പഴവർഗങ്ങളുടെ ആഘോഷം എന്നതിനപ്പുറം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴവൈവിധ്യങ്ങൾ ഉപഭോക്താക്കൾക്കായി എത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ‘ഫ്രൂട്ട് എക്സോട്ടിക’യെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് വ്യക്തമാക്കി. പഴങ്ങൾക്കൊപ്പം രുചികരമായ അനുബന്ധ ഉൽപന്നങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസ്, പൾപ്, പ്ലാറ്റേഴ്സ്, ഫ്രൂട്ട് കേക്ക്, സാലഡ്, കോക്ടെയ്ൽ, മിക്സഡ് അച്ചാറുകൾ തുടങ്ങിയവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.