ദോഹ: വിരുന്നുകാരായി ഖത്തറിന്റെ തീരത്ത് എത്തുന്ന കടലാമക്കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി പരിസ്ഥിതി മന്ത്രാലയം. കൂടുകൂട്ടാനും പ്രജനനത്തിനുമായി കടലാമകൾ എത്തുന്ന പുതിയ സീസണിനു മുന്നോടിയായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനിയുടെ നേതൃത്വത്തിൽ ഫുവൈരിത് ബീച്ചിൽ ശുചീകരണ പരിപാടികൾ നടന്നു.
രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ഹോക്സ്ബിൽ കടലാമകളുൾപ്പെടെ വംശനാശ ഭീഷണി നേരിടുന്ന എല്ലാ പ്രാദേശിക ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിലും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കടലാമ കൂടുകൂട്ടൽ സീസണിന്റെ തുടക്കം കുറിക്കുന്ന ഫുവൈരിത് ബീച്ചിന്റെ പുരനുദ്ധാരണവും സജ്ജീകരണവും മന്ത്രാലയം നടത്തുന്നുണ്ടെന്നും പ്രാദേശിക പരിസ്ഥിതിയുടെ വികസനത്തിനും ജീവജാലങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ചെറു കടലാമകളെ വിരിയിച്ച് പുറത്തിറക്കുന്നുണ്ടെന്നും ഇവ പരിസ്ഥിതി സന്തുലിത ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണെന്നും ഡോ. ശൈഖ് ഫാലിഹ് നാസർ ആൽഥാനി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഇത് ഒരു തരത്തിൽ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ വിഷൻ 2030ന്റെ നാലു ലക്ഷ്യങ്ങളിലൊന്നാണ് പരിസ്ഥിതി സംരക്ഷണം. ഇത് കൈവരിക്കുന്നത് സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും കൂട്ടുത്തരവാദിത്തമാണെന്നതിൽ സംശയമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ മന്ത്രാലയം സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 40,000ത്തിലധികം കടലാമക്കുഞ്ഞുങ്ങളെയാണ് വിരിയിച്ച് പുറത്തിറക്കിയിരിക്കുന്നത്. മന്ത്രാലയത്തിലെ ഗവേഷകരുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായി 85 ശതമാനത്തിലധികം വിജയശതമാനമുള്ള 500 ആമക്കുഞ്ഞുങ്ങളെ വളർത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെയും പ്രാദേശിക സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.