ദോഹ: ഗസ്സയിലെ മധ്യസ്ഥ ദൗത്യം പുനപ്പരിശോധിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ആറുമാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലും ബന്ദിമോചനവും സാധ്യമാക്കാനുമുള്ള പരിശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്കെതിരെ ചില കേന്ദ്രങ്ങളിൽനിന്നുയരുന്ന ദുരുദ്ദേശപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്തുമെന്ന് ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
‘മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്പര്യങ്ങള്ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്. ചില നിക്ഷിപ്ത രാഷ്ട്രീയ താൽപര്യക്കാരുടെ ആരോപണങ്ങൾ ഖത്തറിന്റെ ശ്രമങ്ങളെ ഇകഴ്ത്തുന്നതാണ്’ -ആരുടെയും പേരുകൾ പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു തുടക്കം മുതല്‍ ഖത്തറിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ കഴിഞ്ഞ ദിവസം വിമർശിച്ചു. ബന്ദിമോചനത്തിന് ഹമാസിൽ സമ്മർദം ചെലുത്തുന്നതിൽ വീഴ്ചവരുത്തുന്ന ഖത്തറുമായുള്ള അമേരിക്കുടെ ബന്ധം പുനഃപരിശോധിക്കണമെന്നുള്ള ഹോയറുടെ പരാമർശം വിവാദമായി. ഇതിനെതിരെ വാഷിങ്ടണിലെ ഖത്തർ എംബസിയും രംഗത്തു വന്നിരുന്നു. ഹോയറുടെ ഭീഷണിയും ആക്ഷേപവും ഒട്ടും ക്രിയാത്മകമല്ലെന്നും വാഷിങ്ടണിലെ നയതന്ത്ര കാര്യാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആറുമാസത്തോളം നീണ്ടു നിൽക്കുന്ന മധ്യസ്ഥ ദൗത്യത്തിലെ പങ്കാളിത്തം പുനപരിശോധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയത്. വിഷയത്തിൽ അമേരിക്ക, ഈജിപ്ത് രാജ്യങ്ങൾക്കൊപ്പം സജീവമായി ഇടപെടുന്ന ഖത്തർ പിൻവാങ്ങുകായാണെങ്കിൽ ഹമാസിന്റെ തടവിലുള്ള ബന്ദികളുടെ മോചനവും ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങളും പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.