ദോഹ: ഗസ്സയിൽ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അറബ് മന്ത്രിതല സംഘത്തിനൊപ്പം നോർവേയിലെത്തിയതായിരുന്നു ഖത്തർ പ്രധാനമന്ത്രി. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം നോർഡിക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.അതിനു പുറമെയാണ് ഖത്തർ പ്രധാനമന്ത്രി വിവിധ മന്ത്രിമാരുമായി ഗസ്സയിലെ മാനുഷിക ദുരന്തത്തെക്കുറിച്ച് ബോധ്യപ്പെടുത്തി സംസാരിച്ചത്.
നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ, വിദേശകാര്യ മന്ത്രി എസ്പൻ ബർത് എയ്ഡ്, ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സേവ്യർ ബെറ്റൽ, ബെൽജിയം വിദേശകാര്യ മന്ത്രി ഹദ്ജ ലഹ്ബിബ്, നെതർലൻഡ്സ് വിദേശകാര്യ മന്ത്രി ഹാൻകെ ബ്രൂയിൻസ്, സ്വീഡൻ വിദേശകാര്യ മന്ത്രി തോബിയസ് ബിൽസ്ട്രോം എന്നിവരുമായുള്ള കൂടിക്കാഴ്ചകളിൽ ഫലസ്തീന്റെ സ്ഥിതിഗതികൾ വ്യക്തമാക്കി. മൂന്നാം മാസത്തിലേക്ക് പ്രവേശിച്ച യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ശക്തമായ ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ സഹോദരങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും ദുരിതാശ്വാസ വാഹനങ്ങൾക്ക് സുരക്ഷ ഒരുക്കാനും നോർവേ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.