ദോഹ: മേഖലയിലാകെ അശാന്തി പടർത്തി രണ്ടു മാസത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനിടെ, ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ യോഗത്തിന് ചൊവ്വാഴ്ച ദോഹ വേദിയാവുന്നു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, വികസന വിഷയങ്ങളിലെ ശ്രദ്ധേയ തീരുമാനങ്ങൾക്കും ചർച്ചകൾക്കും 44ാമത് ജി.സി.സി സുപ്രീം കൗൺസിൽ യോഗം സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി, യു.എ.ഇ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉച്ചകോടിക്ക് ദോഹ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടൽ വേദിയാവും.
ആറായിരത്തോളം കുട്ടികൾ ഉൾപ്പെടെ 16,000ത്തോളം പേരെ കൊന്നൊടുക്കി ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനിടെ ജി.സി.സി രാഷ്ട്രത്തലവന്മാരുടെ ഒത്തുചേരൽ ഏറെ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്. ഏഴു ദിവസത്തെ വെടിനിർത്തലിനു പിന്നാലെ, വെള്ളിയാഴ്ച മുതൽ ഇസ്രായേൽ വീണ്ടും ആക്രമണം കനപ്പിച്ചതും മധ്യസ്ഥ ശ്രമങ്ങളിൽനിന്ന് പിന്മാറിയതും ശേഷിച്ച ബന്ദികളുടെ മോചനം സംബന്ധിച്ച അനിശ്ചിതത്വവും ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യംവെച്ചുള്ള ആക്രമണം തുടരുന്നതും ഉൾപ്പെടെ സങ്കീർണ സാഹചര്യങ്ങൾ ജി.സി.സി രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ചർച്ച ചെയ്യും.
ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പ്രധാനമായും ഗസ്സയിലെ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങളിലെ അന്താരാഷ്ട്ര അന്വേഷണത്തിനായിരുന്നു ആവശ്യമുയർന്നത്. അടിയന്തര വെടിനിർത്തലും മാനുഷിക സഹായങ്ങൾക്ക് വഴിയൊരുക്കലും യോഗം ആവശ്യപ്പെട്ടിരുന്നു.യുദ്ധം ആരംഭിച്ചതു മുതൽ ഗസ്സയിലെത്തിച്ച ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ ഏറെയും ഗൾഫ് രാജ്യങ്ങളുടെ സംഭാവനയായിരുന്നു.
എന്നാൽ, ഗസ്സക്ക് ആവശ്യമായതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിലവിൽ ലഭ്യമായതെന്നാണ് ഒരാഴ്ചയിലേറെയായി തെക്കൻ ഗസ്സയിലും ഈജിപ്ഷ്യൻ അതിർത്തി നഗരമായ അൽ അരിഷിലുമായി ക്യാമ്പ് ചെയ്യുന്ന ഖത്തർ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ ഖാതിർ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മാനുഷിക സഹായമെത്തിക്കുന്നത് വർധിപ്പിക്കുന്നത് സംബന്ധിച്ചും ഉച്ചകോടി തീരുമാനം കൈക്കൊള്ളും. ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാഴ്ച മുമ്പ് റിയാദിൽ ചേർന്ന അടിയന്തര അറബ്-ഗൾഫ് ഉച്ചകോടിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത അന്താരാഷ്ട്ര പര്യടനം നടത്തിയിരുന്നു.
ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ ദൗത്യം ഏറക്കുറെ വിജയകരമായെന്നാണ് വിലയിരുത്തൽ. ഗസ്സ വിഷയങ്ങൾക്കു പുറമെ, ജി.സി.സി സംയോജിത വൈദ്യുതി പദ്ധതിയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകളിലൊന്ന്. ഇക്കാര്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. പദ്ധതി ഇറാഖിലേക്കുകൂടി ദീർഘിപ്പിക്കുന്നതിലും കൂടുതൽ ചർച്ചകൾ നടക്കും.
ഷെങ്കൻ മാതൃകയിലുള്ള ഏകീകൃത ജി.സി.സി സന്ദർശക വിസ, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ഗതാഗതം, വ്യാപാര-വ്യവസായ മേഖലകളിലെ സഹകരണം തുടങ്ങിയവയും ചർച്ചയാവും. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ജി.സി.സി ഉച്ചകോടി സൗദിക്കു പുറത്ത് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.