ദോഹ: ലോകകപ്പ് ഫുട്ബാൾ മഹാമേള കഴിഞ്ഞ മണ്ണിൽ മറ്റൊരു ഉത്സവ മേളത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഖത്തർ. ആറുമാസം നീണ്ടുനിൽക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 30 ലക്ഷം സന്ദർശകരുമെത്തുന്ന ദോഹ എക്സ്പോ ഹോർട്ടികൾചറൽ മേളക്കുള്ള ഒരുക്കം സജീവമാകുന്നതായി അധികൃതർ വിശദീകരിച്ചു. അൽ ബിദ പാർക്ക് വേദിയാകുന്ന ദോഹ എക്സ്പോയുടെ അടിസ്ഥാനസൗകര്യ നിർമിതികൾ 80 ശതമാനവും പൂർത്തിയായതായി മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈി അറിയിച്ചു. പവലിയനും അനുബന്ധ താൽക്കാലിക സംവിധാനങ്ങളുമുൾപ്പെടെ 20 ശതമാനം ജോലികൾ വരും മാസങ്ങൾക്കുള്ളിൽ പൂർണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ മാസത്തിലാണ് മിഡിൽ ഈസ്റ്റും അറബ് ലോകവും കാത്തിരിക്കുന്ന ദോഹ എക്സ്പോക്ക് അൽബിദ പാർക്ക് വേദിയാവുന്നത്.
നിലവിൽ 70 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായും അദ്ദേഹം അറിയിച്ചു. ആറുമാസം നീണ്ടുനിൽക്കുന്ന മേളയിൽ 30 ലക്ഷം സന്ദർശകരെയും പ്രതീക്ഷിക്കുന്നുണ്ട്. ദോഹ എക്സ്പോയിൽ പങ്കാളികളാകുന്നതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റുമായി കരാറിലും ഒപ്പുവെച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗറി എന്നിവർ പങ്കെടുത്തു.
വിദേശകാര്യ മന്ത്രാലയം കാലാവസ്ഥാ വ്യതിയാനം-സുസ്ഥിരത പ്രത്യേക പ്രതിനിധിയും എക്സ്പോ കമീഷണർ ജനറലുമായ ബദർ ഉമർ ഇസ്മായിൽ അൽ ദഫയും ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ജനറലുമായ ഖാലിദ് ബിൻ ഇബ്രാഹിം അൽ ശൈഖും കരാറിൽ ഒപ്പുവെച്ചു.
മേഖലയുടെ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം തടയൽ, കാർഷിക അഭിവൃദ്ധി തുടങ്ങിയ ബഹുമുഖ മേഖലകളിലേക്ക് ദോഹ എക്സ്പോയെ ഗുണകരമാക്കിമാറ്റുന്നതിൽ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പങ്കാളിത്തം നിർണായകമാകും.
കാലാവസ്ഥ വ്യതിയാനത്തെയും മരുഭൂവത്കരണത്തെയും ചെറുക്കുന്നതിനും സസ്യങ്ങൾ വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും പുതിയ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന പവിലിയനുകൾ ജി.സി.സി നേതൃത്വത്തിൽ എക്സ്പോയിൽ സജ്ജമാകും. ഗൾഫ് രാജ്യങ്ങളിലെ സുസ്ഥിര ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പവിലിയൻ ഇടം നൽകും.
ഗൾഫ് സഹകരണ കൗൺസിൽ പങ്കാളിത്തം ഉറപ്പായതിലൂടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ സുസ്ഥിര വികസന പദ്ധതികൾക്കുള്ള പിന്തുണയുമാവുമെന്നും മന്ത്രി ഡോ. അൽ സുബൈഇ പറഞ്ഞു. പാരിസ്ഥിതിക സംരക്ഷണം, നൂതന കാർഷിക രീതി ഉൾപ്പെടെ പൊതുനേട്ടങ്ങളും പദ്ധതികളും പരിഹാരങ്ങളും അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ ദോഹ എക്സ്പോ അവസരമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്ന കാലത്താണ് ഹോർട്ടികൾചറൽ എക്സ്പോക്ക് ഖത്തർ വേദിയൊരുക്കുന്നതെന്നും വിഷയത്തിലെ ഏറ്റവും വലിയ ചർച്ചാവേദിയായി എക്സ്പോ മാറുമെന്നും അൽ ബുദൈവി പറഞ്ഞു.
ഏറ്റവും വലിയ ഹോർട്ടികർചറൽ പ്രദർശനം എന്നതിനൊപ്പം ഖത്തറിന്റെയും അറബ് മേഖലയുടെയും വിനോദ സഞ്ചാരത്തിന് കൂടുതൽ കരുത്തേകുന്നതായിരിക്കും ദോഹ എക്സ്പോ. ഗൾഫ്, അറബ് മേഖലയിൽനിന്ന് വലിയ അളവിൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 2022 ലോകകപ്പ് വേളയിൽ ഖത്തറിലെ സന്ദർശകരുടെ 45 ശതമാനവും അറബ്, ഗൾഫ് സെക്ടറിൽനിന്നുള്ളവരായിരുന്നു. ഇതിനൊപ്പം, മേഖലയിലെ പൊതുജനങ്ങളിൽ പരിസ്ഥിതി ബോധത്തിനും എക്സ്പോ വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.