ദോഹ: വിമാനങ്ങളിൽ അൾട്രാവയലറ്റ് (യു.വി) കാബിൻ ശുദ്ധീകരണ സംവിധാനവുമായി ഖത്തർ എയർവേസ്.വ്യത്യസ്ത ഇനങ്ങളിൽപെടുന്ന വൈറസുകളെയും ബാക്ടീരിയകളെയും നിർജീവമാക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇത്. വിമാനത്തിെൻറ ഉൾവശം ശുദ്ധീകരിക്കാനും അതുവഴി ശുദ്ധവായു ലഭ്യമാക്കാനും ഇതിലൂടെ കഴിയും. ആദ്യമായാണ് ഒരു വിമാനക്കമ്പനി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
ഖത്തർ എയർവേസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തിൽ പ്രമുഖരായ ഹണിവെൽ കമ്പനിയുടെ യു.വി കാബിൻ സംവിധാനമാണ് ഉപയോഗിക്കുക.ബിവറേജ് കാർട്ടിെൻറ വലുപ്പത്തിലുള്ള യു.വി കാബിൻ സിസ്റ്റം വഴി വിമാനത്തിെൻറ സീറ്റുകൾ, പ്രതലങ്ങൾ, കാബിനുകൾ എന്നിവ കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കാതെ തന്നെ അണുവിമുക്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.പരീക്ഷണാടിസ്ഥാനത്തിൽ ഇതുവരെ ആറ് വിമാനങ്ങളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. സമീപഭാവിയിൽ തന്നെ കൂടുതൽ വിമാനങ്ങളിലേക്ക് നടപ്പാക്കും.
ഹണിവെൽ യു.വി കാബിൻ സിസ്റ്റം ഉപയോഗിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന പ്രഥമ വിമാനക്കമ്പനിയാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.കോവിഡ് മഹാമാരിയുടെ കാലത്ത് തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയും ആരോഗ്യവുമാണ് പരമപ്രധാനം.മഹാമാരി റിപ്പോർട്ട് ചെയ്തത് മുതൽ വിപണിയിലെ ഏറ്റവും പുതിയ സുരക്ഷ, ശുചിത്വ സംവിധാനങ്ങളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും അൽ ബാകിർ പറഞ്ഞു.
ലോകാരോഗ്യ സംഘടനയും അയാട്ടയും (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) ശിപാർശ ചെയ്ത ശുചീകരണ, അണുനശീകരണ ഉപകരണങ്ങളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നത് ഖത്തർ എയർവേസ് തുടരും.ഇതിനെല്ലാം പുറമെയാണ് സ്വയമേ പ്രവർത്തിക്കുന്ന യു.വി കാബിൻ സംവിധാനം പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.